ചൂട് കൂടി; സംസ്ഥാനത്ത് തൊഴിലാളികളുടെ സമയത്തിൽ മാറ്റം വരുത്തി



തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ് 20 വരെയാണ് ക്രമീകരണം. പകൽ സമയത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സമയം ക്രമീകരിച്ചത്. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യമുണ്ടെന്നതിനാലാണ് നടപടി.


 നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് സംബന്ധിച്ച വ്യവസ്ഥകൾ നിശ്ചയിച്ചുകൊണ്ടും ലേബർ കമ്മിഷണർ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൺസ്ട്രക്ഷൻ സൈറ്റുകൾക്കും റോഡ് നിർമ്മാണ മേഖലക്കും പ്രത്യേകം പരിഗണന നൽകിക്കൊണ്ട് ജില്ലാ ലേബർ ഓഫീസറുടെയോ ഡെപ്യൂട്ടി ലേബർ ഓഫീസറുടെയോ അസിസ്റ്റന്റ് ലേബർ ഓഫീസറുടെയോ നേതൃത്വത്തിൽ ദിവസേനയുള്ള പരിശോധനക്കായി ടീമുകൾ രൂപീകരിക്കും. ഈ ടീമുകൾ ബന്ധപ്പെട്ട മേഖലകളിൽ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബർ കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. മറ്റ് വിവിധ തൊഴിൽ മേഖലകളിലും പരിശോധന നടത്തണം. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മണി മുതൽ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ്‌ ‌മണി വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തയിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ്' ഉച്ചക്ക് മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകൾക്ക് ഈ ഉത്തരവ് ബാധകമല്ല. 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരമാണ് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിച്ചിരിക്കുന്നത്.


Post a Comment

Previous Post Next Post
Paris
Paris