മാവൂർ: നിർധനരായ രോഗികൾക്ക് സൗജന്യ ചികിത്സയും വിവിധ ഇളവുകളും ലഭ്യമാക്കുമെന്ന് മാവൂർ കണ്ണിപറമ്പ് റോഡിൽ പ്രവർത്തിക്കുന്ന ട്രൂഹീൽ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രദേശവാസികൾക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.
ആഴ്ചയിൽ ഒരു ദിവസം നിർധനരായ രോഗികൾക്കായി സൗജന്യ പരിശോധന ഉണ്ടായിരിക്കും. കൂടാതെ, നിശ്ചിത ചികിത്സാ സേവനങ്ങൾക്ക് മറ്റ് ദിവസങ്ങളിൽ 50 ശതമാനം വരെ കിഴിവ് നൽകാനും തീരുമാനമായിട്ടുണ്ട്. ശാരീരിക തളർച്ച അനുഭവിക്കുന്ന രോഗികൾക്കായി പ്രത്യേക കരുതലും ആശുപത്രി വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഓരോ മാസവും അർഹരായ ഓരോ രോഗികൾക്ക് വീതം സൗജന്യ ആയുർവേദ ചികിത്സയും ഫിസിയോതെറാപ്പിയും ലഭ്യമാക്കും.
ജനറൽ മെഡിസിൻ, ആയുർവേദം, ഫിസിയോതെറാപ്പി, പ്രസവാനന്തര ചികിത്സ (Postpartum Care), പാരമ്പരാഗത ചികിത്സകൾ, ഹിജാമ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. കിടപ്പിലായ പാലിയേറ്റീവ് രോഗികൾക്കായി പ്രത്യേക ഹോം കെയർ സേവനവും ആശുപത്രി ഒരുക്കിയിട്ടുണ്ട്. ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് കൂടി പ്രാപ്യമാക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ കെ.പി. അക്ബർ, മാനേജിംഗ് ഡയറക്ടർ ശഹദ് മുഹമ്മദ് അക്ബർ എന്നിവർ അറിയിച്ചു.
Post a Comment