ചാത്തമംഗലം: നെച്ചൂളി സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷമായ 'സൂര്യോത്സവ് 26'- കെ.വി സുധാകരൻ കലാകായിക കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച കടുങ്ങോച്ചൻ കണ്ടിയിൽ ചാത്തുക്കുട്ടി സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം ഉദ്ഘാടനവും നടന്നു . കുന്നമംഗലം നിയോജക മണ്ഡലം എം.എൽ.എ അഡ്വ. പി.ടി.എ റഹീം ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആഘോഷങ്ങൾക്ക് മുന്നോടിയായി കിഴൂർ എ.എൽ.പി സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച വർണ്ണാഭമായ വിളംബര ഘോഷയാത്ര കെ.വി സുധാകരൻ കലാകായിക കേന്ദ്രത്തിൽ സമാപിച്ചു. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ നൃത്തഞ്ജലി, സിനിമറ്റിക് ഡാൻസ്, ആക്രോബാറ്റിക് ജിംനാസ്റ്റിക് ഡിസ്‌പ്ലേ എന്നിവ കാണികൾക്ക് വേറിട്ട ദൃശ്യവിരുന്നായി.
പുതിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രദർശന മത്സരത്തിൽ ചേളന്നൂർ എസ്.എൻ കോളേജും കോഴിക്കോട് സായി സെന്ററും ഏറ്റുമുട്ടി. വൈവിധ്യമാർന്ന കലാ-കായിക പരിപാടികളോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സൂര്യോത്സവ് ആഘോഷങ്ങൾ അടുത്ത വർഷം ജനുവരിയിൽ സമാപിക്കും.

Post a Comment