വാഷിങ്ടൺ :വിദേശ രാജ്യങ്ങൾക്ക് ചുമത്തിയ ഇറക്കുമതിത്തീരുവകൾ നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 10% കൂടി കൂടുതൽ ആഗോള തീരുവ ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവിൽ താൻ ഒപ്പുവെക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമർശിച്ച ട്രംപ്, തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്നും കോടതിയിലെ ചില ജഡ്ജിമാരേയോർത്ത് ലജ്ജ തോന്നുന്നുവെന്നും പ്രതികരിച്ചു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ- യുഎസ് വ്യാപാരക്കരാറിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. 'ഒന്നും മാറുന്നില്ല. അവർ തീരുവ നൽകേണ്ടി വരും. ഞങ്ങൾ നൽകില്ല', എന്നായിരുന്നു ട്രംപിന്റെ മറുപടി.
'പ്രധാനമന്ത്രി നരേന്ദ്രമോദി മാന്യനാണ്, മഹാനായ മനുഷ്യൻ. അമേരിക്കയുടെ കാര്യത്തിൽ അദ്ദേഹം എതിർത്തവരേക്കാൾ ബുദ്ധിമാനായിരുന്നു', ട്രംപ് മറുപടി നൽകവെ പറഞ്ഞു.
അതേസമയം, തീരുവകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച സുപ്രീംകോടതിയിലെ ജഡ്ജിമാർ വിദേശതാത്പര്യങ്ങളിൽ സ്വാധീനിക്കപ്പെട്ടുവെന്ന് ട്രംപ് ആരോപിച്ചു. 'വിദേശരാജ്യങ്ങൾ സന്തോഷത്തിലാണ്. എന്നാൽ, ആ രാജ്യങ്ങൾക്ക് അധികകാലം ആഘോഷിക്കാൻ കഴിയില്ല', ട്രംപ് പറഞ്ഞു.
തന്റെ വ്യാപാര അജൻഡയിൽനിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. തീരുവ ചുമത്താൻ കൂടുതൽ ശക്തമായ മാർഗങ്ങളുണ്ടെന്നും മുന്നറിയിപ്പ് നൽകി. തീരുവകൾക്കായി ബദലുകൾ സ്വീകരിക്കും. ചിലപ്പോൾ കൂടുതൽ പണമുണ്ടാക്കാൻ കഴിഞ്ഞേക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസ് ഭരണഘടനപ്രകാരം നികുതി, തീരുവകൾ എന്നിവ ചുമത്താനുള്ള അധികാരം കോൺഗ്രസിനാണെന്നും അവരുടെ അനുമതിയില്ലാതെ പ്രത്യേകാധികാരനിയമം പ്രയോജനപ്പെടുത്തി നടപടികളെടുക്കാൻ പ്രസിഡന്റിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2025 ജനുവരിയിൽ രണ്ടാമത് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ലോകരാജ്യങ്ങളോടുള്ള ട്രംപിന്റെ വ്യാപാരയുദ്ധം ആരംഭിച്ചത്. 2025 ഏപ്രിലിൽ ഉയർന്നതീരുവ ചുമത്തുന്നതിന്റെ പേരിൽ ഇന്ത്യയടക്കം 60-ഓളം രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചു. ഓഗസ്റ്റിൽ ഇത് പ്രാബല്യത്തിൽ വന്നു. ഇന്ത്യയ്ക്ക് 25% പകരച്ചുങ്കവും റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം പിഴച്ചുങ്കവും വിധിച്ചു. ഈയിടെ പ്രഖ്യാപിച്ച വ്യാപാരക്കരാറിലൂടെ ഇന്ത്യയ്ക്കുള്ള തീരുവ 18 ശതമാനമാക്കി കുറച്ചു. ട്രംപിന്റെ തീരുവകളിലൂടെ ഇതുവരെ 13,300 കോടി ഡോളർ യുഎസിന് ലഭിച്ചെന്നാണ് ട്രഷറി വകുപ്പിന്റെ കണക്ക്.
Post a Comment