കൂളിമാട് : ചാത്തമംഗലം പഞ്ചായത്തിലെ പ്രധാനപ്പെട്ട 5 റോഡുകൾ കൂടിച്ചേരുന്ന കൂളിമാട് ജംഗ്ഷനിൽ വർധിച്ചു വരുന്ന റോഡ് അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി അടിയന്തര ട്രാഫിക് പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചാത്തമംഗലം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും പൊതുപ്രവർത്തകനുമായ ജിയാദ് കൂളിമാട് ജില്ലാകലക്ടർക്ക് പരാതി നൽകി.
പ്രധാന റോഡുകൾ സംഗമിക്കുന്ന അഞ്ചു വഴികൾ ചേരുന്ന കൂളിമാട് ജംഗ്ഷൻ നിലവിൽ അപകട സാധ്യതയേറിയ ‘അക്‌സിഡന്റ് ബ്ലാക്ക് സ്‌പോട്ട്’ ആയി മാറിയിരിക്കുകയാണെന്നും, ശാസ്ത്രീയമായ യാതൊരു ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും ഇവിടെ നിലവിലില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരും ഈ ജംഗ്ഷൻ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സുരക്ഷയെ ഗുരുതരമായി ബാധിക്കപ്പെടുകയാണെന്ന് ജിയാദ് കൂളിമാട് പറഞ്ഞു.
പരാതിയിൽ കൂളിമാട് ജംഗ്ഷനിൽ അടിയന്തരമായി നടപ്പാക്കേണ്ട നടപടികളായി താഴെപ്പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്:
ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിക്കുക
പാദചാരികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ പെഡസ്ട്രിയൻ സിഗ്നൽ / സീബ്രാ ക്രോസിംഗ് ഏർപ്പെടുത്തുക
റോഡ് മാർക്കിംഗുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുക
സ്പീഡ് കൺട്രോൾ സംവിധാനങ്ങൾ (Speed calming measures) നടപ്പാക്കുക
തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് പൊലീസ് / ഹോം ഗാർഡ് ഡിപ്ലോയ്‌മെന്റ് ഉറപ്പാക്കുക
ജില്ലാ റോഡ് സേഫ്റ്റി കമ്മിറ്റി (DRSC), കേരള റോഡ് സേഫ്റ്റി അതോറിറ്റി (KRSA) എന്നിവയുടെ നേതൃത്വത്തിൽ ജോയിന്റ് സൈറ്റ് ഇൻസ്പെക്ഷൻ നടത്തുക
മോട്ടോർ വാഹന നിയമം 2019, കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ എന്നിവ പ്രകാരം ബ്ലാക്ക് സ്‌പോട്ടുകളിൽ സ്വീകരിക്കേണ്ട നടപടികൾ ഇവിടെ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഉടനെ നടപ്പാക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പരാതി സ്വീകരിച്ച കലക്ടർ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതോടെ വിഷയത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
പരാതിയുടെ പകർപ്പ് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (കൊടുവള്ളി), അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് (ട്രാഫിക് സൗത്ത്, കോഴിക്കോട്), കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അധികൃതർ എന്നിവർക്ക് ഉടനെ കൈമാറും.
കൂളിമാട് ജംഗ്ഷനിലെ അപകടങ്ങൾ തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, ഒരു അപകടം കൂടി സംഭവിക്കുന്നതിന് മുൻപ് പരിഷ്കരണം നടപ്പാക്കണമെന്നും നിവേദക സംഘത്തിൽ ഉണ്ടായിരുന്ന കുന്ദമംഗലം നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫഹദ് കൂളിമാട് കലക്ടറോട് ആവശ്യപ്പെട്ടു.
Post a Comment