നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്. 2020-ലെ വിമാനാപകടത്തെത്തുടർന്ന് നിർത്തിവെച്ച സർവീസുകള്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ പുനരാരംഭിക്കും.റിയാദ് - കോഴിക്കോട് സെക്ടറിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
മലബാറിലെ പ്രവാസികളുടെയും ഹജ്ജ്-ഉംറ തീർത്ഥാടകരുടെയും നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് സൗദി എയർലൈൻസ് സർവീസ് നിർത്തിവെച്ചത്.
അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൌദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുകയാണ്. റണ്‍വേ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് പകരം ഇടത്തരം വിമാനമായ എയർബസ് A321neo സീരീസിലുള്ള വിമാനങ്ങളാണ് സൗദി എയർലൈൻസ് സർവീസിനായി ഉപയോഗിക്കുന്നത്. ഫെബ്രുവരി ഒന്നിന് സർവീസ് ആരംഭിക്കും. സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിലും സിസ്റ്റത്തിലും ബുക്കിംഗ് ലഭ്യമായിത്തുടങ്ങി. ആദ്യ ഘട്ടത്തില്‍ റിയാദ് - കോഴിക്കോട് സെക്ടറിലാണ് സർവീസ്. ചട്ടിപ്പറമ്പ്ന്യൂസ്, ആഴ്ചയില്‍ നാല് സർവീസുകള്‍ വീതമാകും തുടക്കത്തിലുണ്ടാവുക. പിന്നീട് ഇത് ആഴ്ചയില്‍ ആറ് സർവീസുകളായി വർദ്ധിപ്പിക്കും. പുലർച്ചെ 1:20-ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8:35-ന് കരിപ്പൂരിലെത്തും. തിരികെ രാവിലെ 9:45-ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:50-ന് റിയാദിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. റിയാദ് സർവീസിന് പിന്നാലെ മാർച്ച് മാസത്തോടെ ജിദ്ദയില്‍ നിന്നുള്ള സർവീസുകളും ആരംഭിക്കുമെന്നാണ് സൂചന. പ്രവാസി സംഘടനകളുടെയും യാത്രക്കാരുടെയും നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് സൗദി എയർലൈൻസിന്റെ ഈ മടങ്ങിവരവ്. ടിക്കറ്റ് നിരക്ക് കുറയാനും മലബാറിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
Post a Comment