എബിസിഡി - പട്ടിക വർഗ്ഗ മേഖലയിലെ അടിസ്ഥാന രേഖ വിതരണം പൂർത്തീകരണത്തിലേക്ക്: വിതരണ പ്രവർത്തനങ്ങൾക്ക് കുതിപ്പേകി മെഗാ ഡിജിറ്റലൈസേഷൻ ക്യാമ്പുകൾ


കോഴിക്കോട് : ജില്ലയിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ജനങ്ങളുടെ അടിസ്ഥാന രേഖകൾ ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എബിസിഡി പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര, കോടഞ്ചേരി ഡിവിഷനുകളിൽ നടത്തിയ മെഗാ ഡിജിറ്റലൈസേഷൻ ക്യാമ്പുകൾ മികച്ച നിലയിൽ സമാപിച്ചു. 


പേരാമ്പ്ര ഡിവിഷനിലെ വാണിമേൽ, കാവിലുംപാറ, വളയം, ചെക്യാട്, നരിപ്പറ്റ കോടഞ്ചേരി ഡിവിഷനിലെ കോടഞ്ചേരി, പുതുപ്പാടി, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിലെ ആകെ 73 ഉന്നതികളിലുള്ളവരെ ഉൾപ്പെടുത്തിയാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. ക്യാമ്പിൽ ഒരുക്കിയ ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ ആകെ 350 ലേറെ പേർ പ്രയോജനപ്പെടുത്തി. 

രേഖകളില്ലാത്തവർക്കുള്ള ഡൊമിസൈൽ സർട്ടിഫിക്കറ്റും ക്യാംപിൽ ലഭ്യമാക്കി. കൈവശമുള്ള രേഖകൾ നഷ്ടപ്പെടാത്ത വിധം ഡിജിറ്റലൈസ് ചെയ്തു നൽകുന്നതിനുള്ള സൗകര്യവും ഒരുക്കി.

ജില്ലയിലെ പതിനായിരത്തിൽ പരം വരുന്ന പട്ടികവർഗ വിഭാഗത്തിലുൾപ്പെടുന്ന വ്യക്തികൾക്ക് അടിസ്ഥാന രേഖകൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ 2023 മെയ് മാസമാണ് ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. അടിസ്ഥാന രേഖകളുടെ അഭാവത്തിൽ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകാതെ പോകുന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലയിൽ വിപുലമായ ക്യാംപയിൻ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത്. 

രേഖകൾ എടുക്കാൻ ഇനിയും ശേഷിക്കുന്ന മറ്റു മേഖലകളിലുള്ളവർക്ക് ഉന്നതി പ്രൊമോട്ടർമാരുടെ നേതൃത്വത്തിൽ അതത് അക്ഷയ കേന്ദ്രങ്ങളിൽ സവിശേഷ സൗകര്യമൊരുക്കി വരും ദിവസങ്ങളോടെ 100% പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ജില്ലാ ഭരണകൂടം, പട്ടിക വർഗ്ഗ വികസന വകുപ്പ്, റവന്യു വകുപ്പ്, സിവിൽ സപ്ലൈസ്, ഐടി മിഷൻ, അക്ഷയ, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീഡ് ബാങ്ക് തുടങ്ങിയ വിവിധ വകുപ്പുകൾ, പ്രമോട്ടർ ജില്ലാ കളക്ടറുടെ ഇന്റേൺസ് തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

Post a Comment

Previous Post Next Post
Paris
Paris