തിരഞ്ഞെടുപ്പ് പ്രചാരണം ആവേശം അതിരുവിട്ടാൽ പണി കിട്ടും



തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആവേശം അതിരുവിട്ടാൽ രാഷ്ട്രീയപാർട്ടികൾക്ക് കിട്ടും മുട്ടൻ പണി. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പൊതുയോഗങ്ങളും ജാഥകളും സംഘടിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ അറിയിച്ചു. 


ക്രമസമാധാനം ഉറപ്പാക്കുന്നതിനും ഗതാഗതം തടസപ്പെടാതിരിക്കാനും പാർട്ടികളും സ്ഥാനാർത്ഥികളും പൊതുയോഗം നടത്തുന്നതിന് മുമ്പ് പൊലീസിനെ അറിയിക്കണം. യോഗങ്ങൾ മറ്റുകക്ഷികളുടെ പരിപാടികൾക്ക് തടസം സൃഷ്ടിക്കാത്ത വിധം നടത്തണം. ഒരു പാർട്ടി മറ്റൊരു പാർട്ടി സംഘടിപ്പിക്കുന്ന യോഗങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കരുത്. ഒരു പാർട്ടി സംഘടിപ്പിക്കുന്ന പൊതുയോഗ സ്ഥലത്ത് മറ്റുകക്ഷികൾ ജാഥ നടത്തുന്നതിന് വിലക്കുണ്ട്. ഒരു സ്ഥാനാർഥിയുടെ ചുമർ പരസ്യങ്ങൾ മറ്റ് കക്ഷികളുടെ പ്രവർത്തകർ നശിപ്പിക്കുന്നതും നീക്കം ചെയ്യുന്നതും കുറ്റകരമാണ്.

യോഗം നടത്തുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവുകളോ നിരോധനാജ്ഞകളോ നിലവിലില്ലെന്ന് സ്ഥാനാർത്ഥികൾ ഉറപ്പാക്കണം. ഇത്തരം ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ കർശനമായി പാലിക്കണമെന്നും ഒഴിവാക്കേണ്ട പക്ഷം മുൻകൂർ അനുമതി നേടണമെന്നും നിർദ്ദേശമുണ്ട്. 

യോഗങ്ങളിൽ സംഘർഷമുണ്ടാക്കിയാൽ മൂന്നു മാസം തടവോ 1000 രൂപ വരെ പിഴയോ ലഭിക്കാം. ഉച്ചഭാഷിണികൾ ശബ്ദ മലിനീകരണ നിയമം 2000 പ്രകാരമുള്ള ഡെസിബൽ പരിധിക്കുള്ളിൽ മാത്രമേ പ്രവർത്തിക്കാവൂ. സർക്കാർ സ്ഥാപനങ്ങളുടെ ഹാളുകൾ യോഗങ്ങൾക്ക് ഉപയോഗിക്കുന്നുവെങ്കിൽ എല്ലാ പാർട്ടികൾക്കും തുല്യാവകാശം നൽകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ രാഷ്ട്രീയ യോഗങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.

Post a Comment

Previous Post Next Post
Paris
Paris