കട്ടാങ്ങൽ: എം കെ രാഘവൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ചാത്തമംഗലം പഞ്ചായത്തിലേക്ക് അനുവദിച്ച ലോ മാസ് ലൈറ്റുകൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി. 2023ല്‍ അനുവദിച്ച ലൈറ്റുകൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ആണ് യുഡിഎഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധ സമരം നടത്തിയത് .
വെള്ളലശ്ശേരി തലപ്പനം ക്ഷേത്രം ,അരയങ്കോട് ജുമാമസ്ജിദ് മുൻവശം, എരഞ്ഞിപ്പറമ്പ് അങ്ങാടി, ഇരിങ്ങാടക്കുന്ന് ക്ഷേത്രം, പുളളാവൂർ അങ്ങാടി ,ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ്, മലയമ്മ മങ്ങാട്ടുകുളങ്ങര ക്ഷേത്രം എന്നീ സ്ഥലങ്ങളിലേക്കാണ് എംപി ലൈറ്റുകൾ അനുവദിച്ചത്. ഇതിനുമുമ്പ് അരയങ്കോടിലേക്ക് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ലോ മാസ് ലൈറ്റിനും അനുമതി നൽകിയിട്ടില്ല, എന്നാൽ എംഎൽഎ അനുവദിച്ച ലോ മാസ് ലൈറ്റുകൾക്ക് അനുമതി നൽകുകയും ചെയ്തു . ഇത് ഇരട്ടത്താപ്പ് നയമാണെന്ന് മെമ്പർമാർ കുറ്റപ്പെടുത്തി.
എംപി അനുവദിച്ച ലൈറ്റുകൾക്ക് സ്ഥലം സന്ദർശിക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്തിയ ഭരണസമിതിയാണ് ചാത്തമംഗലം പഞ്ചായത്തിലുള്ളത്. എന്നാൽ ഇത് എംഎൽഎ അനുവദിച്ച ലോമാസ് ലൈറ്റുകൾക്കൊന്നും ബാധകമല്ല. പഞ്ചായത്ത് മെമ്പർമാരായ പി.ടി അബ്ദുറഹ്മാൻ, പി കെ ഹക്കീം മാസ്റ്റർ കളൻതോട്,മൊയ്തു പീടികണ്ടി ,റഫീഖ് കൂളിമാട് ,ശിവദാസൻ ബംഗ്ലാവിൽ ,ഇ പി വത്സല ,ഫസീല സലിം എന്നിവർ സമരത്തിന് നേതൃത്വം നൽകി. രാത്രി വൈകിയും നടത്തിയ പ്രതിഷേധത്തിനൊടുവിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്തിലേക്ക് വരികയും യു ഡി എഫ് മെമ്പർമാരുമായും യു ഡി എഫ് നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും അതിനുള്ള പരിഹാരം ചെയ്തു തരുമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മെമ്പർമാർ സമരം അവസാനിപ്പിക്കുകയും കട്ടാങ്ങൽ അങ്ങാടിയിൽ യു ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ മൂസ മൗലവി, എൻ പി ഹംസ മാസ്റ്റർ, ഒ ഹുസൈൻ , അഹമ്മദ് കുട്ടി അരയങ്കോട്, സുധാകരൻ, വേലായുധൻ, എൻ എം ഹുസൈൻ , എൻ പി ഹമീദ് മാസ്റ്റർ, ഫഹദ് പാഴൂർ, റസാഖ് പുള്ളന്നൂർ, ഫാസിൽ മുടപ്പനക്കൽ, റജീബ് പാലക്കുറ്റി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Post a Comment