കോട്ടയം: യുവാവിന് ആറുമാസംമുമ്പ് ഏറ്റുമാനൂർ പോലീസിന്റെ ക്രൂരമർദനം ഏല്‍ക്കേണ്ടിവന്നത് വീണ്ടും ചർച്ചയായി. സമൂഹമാധ്യമങ്ങളില്‍ മുമ്ബ് പ്രചരിച്ച ദൃശ്യങ്ങളാണ് കുന്നംകുളം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചർച്ചയാകുന്നത്.
മുൻ പോലീസുകാരന്റെ മകനാണ് ദുരനുഭവമുണ്ടായത്.
ഏറ്റുമാനൂർ പാറോലിക്കല്‍ ശ്രീനന്ദനം വീട്ടില്‍ എസ്.കെ. രാജീവിന്റെ മകൻ അഭയ് എസ്. രാജീവി(25)നാണ് മർദനമേറ്റത്. ഏറ്റുമാനൂർ എസ്‌എച്ച്‌ഒ എ.എസ്. അൻസിലിന്റെ നേതൃത്വത്തില്‍ ആറുമാസം മുൻപ് യുവാവിനെ ക്രൂരമായി മർദിക്കുന്നതും ഫോണ്‍ നിലത്തെറിഞ്ഞു തകർക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അഞ്ചുവർഷം എ.ആർ. ക്യാമ്പിലായിരുന്ന, അഭയ് എസ്.രാജീവിന്റെ അച്ഛൻ, രാജീവ് ഇപ്പോള്‍ കിടങ്ങൂർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയാണ്. കഴിഞ്ഞ മാർച്ച് 20-ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. പഴയ എംസി റോഡിലൂടെ അമിത വേഗത്തിലെത്തിയ സ്വകാര്യബസ് യുവാവിന്റെ ബൈക്കില്‍ തട്ടുമെന്ന നിലയില്‍ കടന്നുപോയി.
അപകടകരമായി ബസ് ഓടിച്ചതിനെ ചോദ്യംചെയ്യാൻ ഇയാള്‍ സ്റ്റാൻഡിലെത്തി ബസ് ജീവനക്കാരെ ചോദ്യംചെയ്തു. ബസ് ഡ്രൈവർ പോലീസിലറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ വളഞ്ഞ് ലാത്തിയുപയോഗിച്ച് മർദിക്കുകയായിരുന്നു.
_ൽസ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനു പകരം സ്റ്റേഷനടുത്തുള്ള ജനമൈത്രി മീഡിയേഷൻ സെന്ററില്‍ കൊണ്ടുപോയി മകനെ ക്രൂരമായി അടിച്ചെന്നും അച്ഛൻ രാജീവ് പറയുന്നു.
യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷൻ, എസ്സി-എസ്ടി കമ്മിഷൻ എന്നിവർക്ക് വീട്ടുകാർ പരാതി നല്‍കി. എന്നാല്‍ പ്രതികാര നടപടിയുമായി പോലീസ് മുന്നോട്ടുപോകുകയായിരുന്നു.
യുവാവിനെതിരെ ജൂലായില്‍ കാപ്പ ചുമത്തി. അച്ഛൻ രാജീവ് ഹൈക്കോടതിയെ സമീപിച്ചതോടെ കാപ്പ റദ്ദാക്കി. അവിടെയും തീർന്നില്ല. ജോലി നേടുന്നതിന് രാജീവും സഹോദരനും വ്യാജ ജാതി സർട്ടിഫിക്കറ്റാണ് സമർപ്പിച്ചതെന്ന് കാണിച്ച് ഏറ്റുമാനൂർ പോലീസ് കേസെടുത്തു.
വിജിലൻസിന്റെയും കിർത്താഡ്സിന്റെയും അന്വേഷണത്തെത്തുടർന്ന് തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് ഈ കേസെടുത്തത്. ഹൈക്കോടതിയില്‍നിന്ന് സ്റ്റേ നേടിയാണ് ഇപ്പോള്‍ ജോലിയില്‍ തുടരുന്നതെന്ന് രാജീവ് പറഞ്ഞു.
ഈയാഴ്ച തന്നെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും രാജീവ് പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും യുവാവ് നിരവധി കേസുകളില്‍ പ്രതിയാണെന്നും ഏറ്റുമാനൂർ പോലീസ് പറയുന്നു.
Post a Comment