പട്‌ന:ബിഹാറിൽ വോട്ടർപ്പട്ടികയുടെ തീവ്രപുന:പരിശോധനയെന്ന പേരിൽ ലക്ഷങ്ങൾക്ക് വോട്ടവകാശം നിഷേധിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമീഷന്റെയും ഗൂഡനീക്കത്തിനെതിരായി പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മ സംഘടിപ്പിച്ച ‘വോട്ടർ അധികാർ യാത്ര’ പട്‌നയിൽ സമാപിച്ചു. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിൽ നിന്ന് അംബേദ്‌ക്കർ പാർക്കിലേക്ക് ഇന്ത്യാ കൂട്ടായ്‌മയിലെ നേതാക്കളും പ്രവർത്തകരും പദയാത്രയായി നീങ്ങി. ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രവർത്തകർ പ്രകടനം നടത്തി. തുടർന്നുചേർന്ന പൊതുയോഗത്തിൽ ഇന്ത്യാ കൂട്ടായ്‌മയിലെ പ്രമുഖ നേതാക്കൾ സംസാരിച്ചു.
വോട്ടെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച് ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കിയ കേന്ദ്ര ബിജെപി സർക്കാരിനും ക്രമക്കേടുകൾക്ക് കൂട്ടുനിന്ന തെരഞ്ഞെടുപ്പ് കമീഷനും ശക്തമായ താക്കീത് നൽകിയാണ് വോട്ടർ അധികാർ യാത്ര സമാപിച്ചത്. പൊതുയോഗത്തിൽ ബിഹാറിൽ ഇന്ത്യാ കൂട്ടായ്‌മയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ തേജസ്വി യാദവ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, വികാസ്‌ശീൽ ഇൻസാൻ പാർടി നേതാവ് മുകേഷ് സാഹ്‌നി തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ഡിഎംകെ, എസ്‌പി, ശിവസേനാ ഉദ്ധവ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർടികളുടെ പ്രതിനിധികളുമുണ്ടായി.
Post a Comment