തിരുവനന്തപുരം: ഒരു വിഭാഗം പിന്മാറിയെങ്കിലും സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ പണിമുടക്കും. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണ് നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധന, പെർമിറ്റ് പുതുക്കുന്നതിൽ അനുകൂല തീരുമാനം എന്നീ വിഷങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിൽ ധാരണയിലെത്താൻ ആകാത്തതിനെ തുടർന്നാണ് സമരം. ചർച്ചക്ക് പിന്നാലെ ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കിൽ നിന്നു പിൻമാറിയിരുന്നു. എന്നാൽ മറ്റ് സംഘടനകൾ പണിമുടക്കുമായി മുന്നോട്ട് പോകാൻ ആഹ്വനം ചെയ്യുകയായിരുന്നു.
വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക, വ്യാജ കൺസെഷൻ കാർഡ് തടയുക, ദീർഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവൻ പെർമിറ്റുകളും നിലവിൽ ഉള്ളതുപോലെ പുതുക്കുക, അനാവശ്യമായി ബസുകൾക്ക് പിഴയീടാക്കുന്നത് തടയുക എന്നിവയാണ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇതിൽ വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ ഗതാഗത സെക്രട്ടറി വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ചർച്ചയിൽ ഗതാഗത മന്ത്രി പറഞ്ഞിരുന്നു.
അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ജൂലൈ എട്ടിന് സ്വകാര്യ ബസുകൾ സൂചനാ സമരം നടത്തിയിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ബസുടമകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ചർച്ച നടന്നെങ്കിലും വിജയിച്ചില്ല. ബസ് സമരം നടക്കുന്നത് സാധാരണക്കാരായ മനുഷ്യരെയും വിദ്യാർഥികളെയുമാകും ഏറെ ബാധിക്കുക. ഓഫീസുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം താളം തെറ്റും.

Post a Comment