ജെഎസ്‍കെയുടെ പ്രദർശനവിലക്ക്: സിനിമ കാണാൻ ഹൈക്കോടതി



 സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ച ജെഎസ്കെ അഥവാ 'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ഹൈക്കോടതി കാണും. ശനിയാഴ്ച രാവിലെ 10ന് സിനിമ കാണാൻ സൗകര്യമൊരുക്കാൻ ജസ്റ്റിസ് എൻ നഗരേഷ് അണിയറ പ്രവർത്തകർക്ക് നിർദേശം നൽകി. പാലാരിവട്ടത്തെ ലാൽ മീഡിയയിൽ സിനിമ പ്രദർശിപ്പിക്കും. സിനിമ കണ്ട ശേഷം കേസ് ബുധനാഴ്ച പരിഗണിക്കും. നിർമാതാക്കൾ നൽകിയ ഹർജിയിലാണ് നടപടി.




ജാനകി എന്ന പേര് സിനിമയ്ക്ക് നൽകിയതാണ് സെൻസർബോർഡ് വിലക്കിന് കാരണമായത്. എന്നാൽ എന്തുകൊണ്ടാണ് ജാനകി എന്ന പേര് ഉപയോഗിക്കാനാകാത്തത് എന്ന കോടതിയുടെ ചോദ്യത്തിന് സെൻസർബോർഡ് കൃത്യമായ മറുപടി നൽകിയില്ല.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ സെൻസർബോർഡിനെതിരെ രൂക്ഷവിമർശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. സിനിമയുടെ പ്രദർശനനാനുമതിക്ക് കാലതാമസംനേരിട്ടതിനെ തുടർന്നാണ് അണിയറപ്രവർത്തകരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമിച്ചിരിക്കുന്നത്. പ്രവീൺ നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ജൂൺ 12നാണ് ചിത്രം ഇ- സിനിമാപ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. സിനിമയുടെ സെൻസർ പ്രദർശനം ജൂൺ 18ന് പൂർത്തിയായിരുന്നു. എന്നാൽ സിനിമയുടെ പേരിലെ ജാനകി 'സീത'യെ പരാമർശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ച് പ്രദർശനാനുമതി തടഞ്ഞു. ഇത് രേഖാമൂലം അണിയറ പ്രവർത്തകരെ സെൻസർബോർഡ് അറിയിച്ചിട്ടില്ല. സിനിമയുടെ ട്രെയിലറിന് സിബിഎഫ്‌സി നേരത്തെ തടസങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ അനുമതി നൽകിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതിൽ കാലതാമസം നേരിട്ടാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കാണിച്ചാണ് നിർമാതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ജൂൺ 27നാണ് ച്ത്രം പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്. സിനിമയുടെ പരസ്യത്തിനും വിതരണത്തിനുമായി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിരുന്നതായും സിനിമ യഥാസമയം പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും നിർമാതാവ് ഹർജിയിൽ പറയുന്നു

Post a Comment

Previous Post Next Post
Paris
Paris