മുക്കം പാലം നിര്‍മാണം; ടെൻഡര്‍ നടപടികള്‍ വേഗത്തിലായി


മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ അന്പത് വർഷത്തിലേറെ പഴക്കമുള്ള മുക്കം പാലം പുനർ നിർമിക്കാൻ നടപടി വേണമെന്നാവശ്യം നിലനില്‍ക്കെ കടവില്‍ പുതിയ പാലം നിർമിക്കാൻ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

7.25 കോടി രൂപയുടെ ഭരണാനുമതി നേരത്തെ പാലം നിർമാണത്തിന് ലഭിച്ചിരുന്നു. ഇപ്പോള്‍ ടെണ്ടർ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. പിഎംആർ, പിടിഎസ് എന്നീ രണ്ട് കമ്ബനികളാണ് ടെണ്ടറില്‍ പങ്കെടുത്തതെന്നാണ് വിവരം. ടെണ്ടർ നടപടികള്‍ പൂർത്തിയാക്കി നിർമാണ ഘട്ടത്തിലേക്ക് കടക്കും.




മുക്കം ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി നിർമിച്ച മിനി പാർക്ക് സംരക്ഷിച്ച്‌ നിലവിലെ പാലം പൊളിക്കാതെ പാലത്തിന്‍റെ വലത് ഭാഗത്ത് പുതിയ മറ്റൊരു പാലം നിർമിക്കാനാണ് പദ്ധതി. ആറ് മീറ്റർ വീതിയിലാണ് പുതിയ പാലം നിർമിക്കുക. നിലവിലെ പാലത്തിന് 6.5 മീറ്റർ വീതിയാണ് ഉള്ളത്. നിലവിലെ പാലത്തിന് സുരക്ഷ ഭീഷണി ഇല്ലെന്നും ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തുമെന്നും ലിന്‍റോ ജോസഫ് എംഎല്‍എ അറിയിച്ചു. ഒരു മാസം കൊണ്ട് ടെണ്ടർ നടപടികള്‍ പൂർത്തിയാക്കി പ്രവൃത്തിയാരംഭിക്കാനാണ് ശ്രമം.

അതേ സമയം നിലവിലെ പാലം കാലപ്പഴക്കം കാരണം സിമന്‍റ് അടർന്നുവീണ് കമ്ബികള്‍ പുറത്ത് കാണുന്ന നിലയിലാണ്. ക്വാറി, ക്രഷർ യൂണിറ്റുകളില്‍ നിന്ന് ടണ്‍ കണക്കിന് ഭാരമുള്ള ലോഡുമായി ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോവുന്നത്. നിലവില്‍ കിലോമീറ്ററിന് നാല് കോടിയോളം ചെലവഴിച്ച്‌ സംസ്ഥാന പാത വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടുണ്ട്.

ഈ പ്രവൃത്തിക്കൊപ്പം തന്നെ കാരശേരി പഞ്ചായത്തിനെയും മുക്കം മുൻസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന ഈ പാലവും പുതുക്കിപ്പണിയുമെന്നായിരുന്നു കരുതിയിരുന്നത്. മാസങ്ങള്‍ക്ക് മുമ്ബ് പാലത്തിന്‍റെ കൈവരികള്‍ അറ്റകുറ്റ പ്രവൃത്തി നടത്തുകയും പെയിന്‍റടിച്ച്‌ വൃത്തിയാക്കുകയും ചെയ്തിരുന്നു. പാലത്തിന്‍റെ അടിഭാഗം കോണ്‍ക്രീറ്റ് അടർന്ന് കമ്ബികള്‍ പുറത്തു കണ്ടു തുടങ്ങിയതിന് പുറമെ രണ്ട് പ്രളയങ്ങളുടെ കുത്തൊഴുക്കില്‍ കരകളുടെ കെട്ടുകള്‍ക്കും ബലക്ഷയം വന്നിട്ടുണ്ട്. നിലവിലുള്ള റോഡിന്‍റെ പകുതി വീതിയാണ് പാലത്തിനുള്ളത്.

രണ്ട് വലിയ വാഹനങ്ങള്‍ക്ക് കഷ്ടിച്ചു കടന്നുപോകാനുള്ള വീതിയേയുള്ളു. ഇതു മൂലം പാലത്തില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാവാറുണ്ട്. പുതിയ ഒരു പാലം കൂടി വരുന്നതോടെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവും. മാത്രമല്ല നിലവിലെ പാലം നിലനിർത്തുന്നതിനാല്‍ ഗതാഗതം വഴി തിരിച്ച്‌ വിടേണ്ടിയും വരില്ല.

Post a Comment

Previous Post Next Post
Paris
Paris