ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആഗോള വിമാന സർവീസുകളുടെ താളം തെറ്റുന്നു. ഇതോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കിയതോടെ പ്രവാസി മലയാളികളുടെ യാത്ര ദുരിതത്തിലായി. യു എ ഇയിൽ നിന്ന് ആഴ്ചയിൽ 108 വിമാനങ്ങൾ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ 87 വിമാനങ്ങൾ റദ്ദാക്കിയത് പ്രവാസി മലയാളികളുടെ യാത്ര ദുരിതം വർധിപ്പിച്ചു.
ഈ മാസം 30 വരെ കേരളത്തിലേക്കു മാത്രം 40 വിമാനങ്ങളാണ് റദ്ദാക്കിയത്. അഹമ്മദാബാദ് വിമാന ദുരന്തത്തിനുശേഷം വിമാനങ്ങൾ കർശന അറ്റകുറ്റപ്പണിക്ക് വിധേയമാക്കുന്നതിനാലാണ് സേവനം തടസ്സപ്പെടുന്നത്. യു എ ഇയിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ വിവിധ സെക്ടറുകളിലേക്കുള്ള ഒട്ടേറെ വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പല വിമാനക്കമ്പനികളും അപ്രതീക്ഷിതമായി സർവീസുകൾ റദ്ദാക്കിത്തുടങ്ങിയതോടെ ദുരിതം ഇരട്ടിയായി. യു എ ഇയിൽ നിന്നുള്ള ഇത്തിഹാദ്, ഫ്ളൈദുബായ്, എമിറേറ്റ്‌സ്, എയർ അറേബ്യ തുടങ്ങിയ വിമാനങ്ങളുടെ സർവീസുകൾക്കാണ് തടസ്സം നേരിടുന്നത്.
ചില എയർലൈനുകൾ റൂട്ടുമാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് , അബുദാബി , ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെയാണ് സംഘർഷം ബാധിച്ചത്. യൂറോപ്പിലെയും യുഎസിലെയും വിവിധ നഗരങ്ങൾ ഉൾപ്പെടുന്ന റൂട്ടുകളിൽ ബുക്കിങ് റദ്ദാക്കൽ അപേക്ഷകളിൽ വൻ വർധനയുണ്ടായതായി ട്രാവൽ ഏജൻസികൾ അറിയിച്ചു.

Post a Comment