മെഡിക്കല്‍ കോളജില്‍ രോഗികളെ സന്ദർശിക്കാൻ വീണ്ടും പാസ് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊവിഡ് കാലത്ത് നിർത്തിയിരുന്ന പാസ് അഞ്ചിരട്ടി വർദ്ധിപ്പിച്ചാണ് പുനസ്ഥാപിച്ചിരിക്കുന്നത്.
രോഗികളെ സന്ദർശിക്കാൻ മണിക്കൂറിന് 50 രൂപ ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപെട്ടു സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
കൊവിഡ് കാലത്ത് നിർത്തിയിരുന്ന ഫീസ് സമ്പ്രദായം കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുനസ്ഥാപിച്ചത്. മുമ്പ് 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. 50 രൂപയാണ് പുതുക്കിയ നിരക്ക്.
വൈകിട്ട് 4 മണി മുതല്‍ 5 മണിവരെ ഒപി ഗേറ്റ് വഴി മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെ കാണാനാണ് പാസ്.
ഡ്യൂട്ടിയിലുള്ള സുരക്ഷാ ജീവനക്കാരൻ രോഗിയുടെ സ്ഥിതി വിലയിരുത്തിയാണ് പാസ് അനുവദിക്കുന്നത്. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടി അധികൃതർ ഉടൻ പിൻവലിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Post a Comment