അഹമ്മദാബാദ് വിമനാപകടം;രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല, 232 പേരുടെ മൃതദേഹം വിട്ടുനല്‍കി



അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം തികയുമ്പോഴും എല്ലാവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.മരിച്ച പത്തനംതിട്ട പുല്ലാട് കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള പരിശോധന നീളുന്നു. ശനിയാഴ്‌ച അമ്മ തുളസിയുടെ രക്തസാമ്പിള്‍ ശേഖരിച്ച്‌ ഡിഎൻഎ പരിശോധനയ്‌ക്ക്‌ കൊണ്ടുപോയി. നേരത്തെ രഞ്‌ജിതയുടെ ഇളയ സഹോദരൻ രതീഷിനെ അഹമ്മദാബാദിലെത്തിച്ച്‌ ഡിഎൻഎ പരിശോധന നടത്തിയെങ്കിലും സ്ഥിരീകരിക്കാൻ ആയില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ രതീഷും ബന്ധു ഉണ്ണികൃഷ്‌ണനും അഹമ്മദാബാദില്‍ തുടരുകയാണ്‌.




ഇതുവരെ ദുരന്തത്തില്‍ മരിച്ച 247 പേരുടെ മൃതദേഹങ്ങളാണ് ഡിഎൻഎ പരിശോധനയില്‍ തിരിച്ചറിഞ്ഞത്. 232 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക്‌ കൈമാറി. ശേഷിക്കുന്ന ഡിഎൻഎ പരിശോധനകള്‍ കൂടുതല്‍ സങ്കീർണത നിറഞ്ഞതാണെന്ന്‌ അധികൃതർ പറഞ്ഞു. ഡിഎൻഎ മാച്ച്‌ ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രി സിവില്‍ സൂപ്രണ്ട് രാകേഷ് ജോഷി പറഞ്ഞു. ഈ സാഹചര്യത്തില്‍ വിമാനാപകടത്തില്‍ മരിച്ച എട്ട് പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിളുകള്‍ നല്‍കാൻ അധികൃതർ ആവശ്യപ്പെട്ടു. ആദ്യത്തെ ഡിഎൻഎ സാമ്പിളിന് പുറമേ മറ്റൊരു ബന്ധുവിന്റെ ഡിഎൻഎ സാമ്പിള്‍ കൂടി ലഭ്യമാക്കാനാണ് നിർദേശം. രണ്ടാമത്തെ ഡിഎൻഎ പരിശോധനയിലൂടെ കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുമെന്ന് അധികൃതർ കരുതുന്നു.

Post a Comment

Previous Post Next Post
Paris
Paris