വെളിച്ചെണ്ണ; ഒരാഴ്ചയ്ക്കിടെ 15 രൂപയുടെ വര്‍ധന




വെളിച്ചെണ്ണയിൽ താളിക്കാതെയും കടുകു പൊട്ടിക്കാതെയും മലയാളി കൂട്ടാന്‍ ഉണ്ടാക്കേണ്ടിവരുമോ? വെളിച്ചെണ്ണവില അനുദിനം കുതിക്കുമ്പോള്‍ ഭക്ഷണപ്രേമികളായ ഓരോ മലയാളിയുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത്. ഈ കുതിപ്പില്‍ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. ബുധനാഴ്ച വെളിച്ചെണ്ണ കിലോയ്ക്ക് മൊത്തവില 378 രൂപയായിരുന്നു. ഒരാഴ്ച മുന്‍പ് 363 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ 15 രൂപയുടെ വര്‍ധന. മില്ലുകളില്‍നിന്നു വാങ്ങുമ്പോള്‍ കിലോയ്ക്ക് 385-390 രൂപ നല്‍കണം. വിലയിലെ ഈ കുതിപ്പില്‍ കീശ കാലിയാകാതെ പാചകം നടക്കില്ലെന്ന അവസ്ഥയാണ്.




പല കുടുംബങ്ങളും മറ്റ് എണ്ണകളിലേക്കു മാറിക്കഴിഞ്ഞു. പാം ഓയിലും സൂര്യകാന്തിയുമാണ് ഉപയോഗിക്കുന്നതെന്ന് ഇവര്‍ പറയുന്നു. രുചി കുറയാമെങ്കിലും എണ്ണതന്നെ ഉപേക്ഷിക്കേണ്ടിവരുന്നതിനെക്കാള്‍ നല്ലതല്ലേ എന്നാണ് അവരുടെ ചോദ്യം.
തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലകൂടിയത് ഹോട്ടലുകാരെയും ബാധിച്ചു. താങ്ങാനാകാതെ വരുമ്പോള്‍ ഉപയോഗം കുറയ്ക്കും. അതു സ്വാദിനെ ബാധിക്കും. മറ്റ് എണ്ണകള്‍ ഉപയോഗിച്ചാല്‍ രുചിവ്യത്യാസമുണ്ടാകും. അത് കച്ചവടത്തെ ബാധിക്കും. മിക്ക കൂട്ടാനും വെളിച്ചെണ്ണ അത്യാവശ്യമാണ്. ചട്‌നി, ചമ്മന്തി പോലുള്ളവയ്ക്ക് തേങ്ങ വേണം. ഇതെല്ലാം ആശങ്കയാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു.
വില കുതിച്ചതോടെ മായംകലര്‍ന്ന വെളിച്ചെണ്ണയും വ്യാപകമാകുന്നത് പ്രതിസന്ധിയാണ്. മോശം കൊപ്രയില്‍ ആട്ടിയെടുക്കുന്ന ഗുണമില്ലാത്ത വെളിച്ചെണ്ണ നല്ല വെളിച്ചെണ്ണയില്‍ കലര്‍ത്തി വില്‍ക്കുന്നവരുണ്ടെന്നും ആക്ഷേപമുണ്ട്.

*ചെറുകിട യൂണിറ്റുകള്‍ പ്രതിസന്ധിയിൽ
മാര്‍ച്ച് അവസാനത്തോടെ 300 രൂപ കടന്ന വെളിച്ചെണ്ണവില പിന്നെ കുറഞ്ഞിട്ടില്ല. കൊപ്ര കിട്ടാനില്ലാത്തതാണ് കാരണം. 100 കിലോ കൊപ്ര ആട്ടിയാല്‍ കിട്ടുന്നത് ഏകദേശം 60-65 കിലോ വെളിച്ചെണ്ണയാണ്.
സംസ്ഥാനത്ത് നേരത്തേ കൊപ്ര കിട്ടാനില്ലായിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്‍പ്പെടെയുള്ള വരവു കുറഞ്ഞതോടെയാണ് പ്രതിസന്ധിയായത്. നിലവില്‍ തമിഴ്‌നാട്ടിലെ ഒരു ക്വിന്റല്‍ കൊപ്രയ്ക്ക് 240 രൂപയാണ് വില. വെളിച്ചെണ്ണവിലയെക്കാള്‍ കൂടുതലാണ് അസംസ്‌കൃതവസ്തുക്കളുടെ വില. ഉത്പാദനച്ചെലവ് ഇനിയും കൂടും. ചെറുകിട യൂണിറ്റുകളെല്ലാം പ്രതിസന്ധിയിലാണ്.

*നിലവാരപരിശോധനയുണ്ട്
വെളിച്ചെണ്ണയുടെ സാംപിളുകള്‍ കൃത്യമായി ലാബില്‍ പരിശോധിക്കുന്നുണ്ട്. നിലവാരം കുറവുള്ള എണ്ണകള്‍ വലിയരീതിയില്‍ വിപണിയിലെത്തുന്നില്ല. ഇടയ്ക്കു ചിലത് പിടിക്കപ്പെടാറുണ്ടെന്നു മാത്രം. ഹോട്ടലുകളിലെയും തട്ടുകടകളിലെയും പഴകിയ എണ്ണ ഏജന്‍സികള്‍ കൃത്യമായി ശേഖരിക്കുന്നുണ്ട്.
(ചിത്രാ മേരി തോമസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍, ആലപ്പുഴ)

*കൊപ്രയില്ല*
ഫെബ്രുവരി തൊട്ട് സീസണ്‍ തുടങ്ങേണ്ടതാണ്. പക്ഷേ, കൊപ്ര കിട്ടാനില്ല. തമിഴ്‌നാട്ടില്‍നിന്നുള്ള വരവും കുറഞ്ഞു. നിലവില്‍ അവിടെനിന്ന് 100 ക്വിന്റല്‍ കൊപ്രയിറക്കാന്‍ 24 ലക്ഷം രൂപയാകും. കൊപ്രയുടെ വില നോക്കുകയാണെങ്കില്‍ വെളിച്ചെണ്ണവില 400-നു മുകളില്‍ പോകും.
(എസ്.ജെ. സന്തോഷ്, ചന്ദ്ര ഓയില്‍ എക്‌സ്‌പെല്ലേഴ്സ്, ചുങ്കം)

*ആവശ്യം കൂടി
ചെറുകിട യൂണിറ്റുകള്‍ പലതും പൂട്ടി. അല്ലെങ്കില്‍ ഭീമമായ നഷ്ടം സഹിക്കണം. വ്യവസായംതന്നെ പ്രതിസന്ധിയിലാണ്. തേങ്ങയുടെ ലഭ്യതക്കുറവല്ല, യഥാര്‍ഥ പ്രതിസന്ധി. വിദേശത്തേക്കു കയറ്റുമതിചെയ്യുന്നത് കൂടി. മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ആവശ്യം കൂടിയപ്പോള്‍ കിട്ടാനില്ലാത്ത സ്ഥിതിയായി. നിലവില്‍ പ്രതിസന്ധി പരിഹരിക്കുന്നതുവരെയെങ്കിലും കയറ്റുമതി നിരോധിക്കണം.
(ഫൈസല്‍ അബ്ദുള്‍ റഹ്‌മാന്‍, കൊപ്രവ്യാപാരി/ മില്ലുടമ, ചാരുംമൂട്)

*ഉപയോഗം കുറച്ചു
വെളിച്ചെണ്ണവില കുതിക്കുന്നത് അടുക്കളക്കണക്കുകളാകെ തെറ്റിച്ചു. മറ്റ് എണ്ണകള്‍ ഉപയോഗിക്കാറില്ല. അതിനാല്‍ വെളിച്ചെണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തി.
(ഷൈലജ സ്‌നേഹലാല്‍, തെക്കേവെളിയില്‍, ചേര്‍ത്തല)

*ആവിയിലുള്ള ഭക്ഷണം കൂട്ടും
കുത്തനെയുള്ള വെളിച്ചെണ്ണ വിലവര്‍ധന അടുക്കള ബജറ്റ് കാലിയാക്കും. വറുത്തും പൊരിച്ചും കഴിക്കുന്നതിനുപകരം എല്ലാം ആവിയില്‍ പുഴുങ്ങി കഴിക്കേണ്ട അവസ്ഥയാണ്. സാധാരണക്കാരെക്കൊണ്ട് അതേപറ്റൂ.
(സുജീഷ്യ ഉല്ലാസ്, പുത്തന്‍വീട്, പുന്നപ്ര)

*നാനൂറും കടന്ന്
നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിപണിയില്‍ കിട്ടാനുണ്ട്. പക്ഷേ, ഭക്ഷ്യവിഷബാധയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുള്ളതിനാല്‍ അത്തരം വെളിച്ചെണ്ണകളൊന്നും ഉപയോഗിക്കാറില്ല. ചിലയിടങ്ങളില്‍ 450 രൂപയാണ് വാങ്ങുന്നത്. അവധിക്കാലം കഴിഞ്ഞതോടെ കച്ചവടത്തില്‍ കുറവുണ്ടായിട്ടുണ്ട്. അതോടൊപ്പം വെളിച്ചെണ്ണയുടെ വില കൂടുന്നതും പ്രതിസന്ധിയാണ്.
(നാസര്‍ ബി. താജ്, ജില്ലാ സെക്രട്ടറി, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍)

ഉത്പാദനച്ചെലവ് കൂടി
ഹോട്ടലുകളില്‍ ഉത്പാദനച്ചെലവ് കൂടി. എന്നാല്‍, സാധനങ്ങള്‍ക്കു വിലകൂട്ടിയാല്‍ കച്ചവടത്തെ ബാധിക്കും. തേങ്ങയും വെളിച്ചെണ്ണയും ഹോട്ടലുകളില്‍ ഒഴിച്ചുകൂടാനാകാത്തതാണ്.
(രമ്യ പ്രഭു, അച്ചൂസ് ടീ സ്റ്റാള്‍, കായംകുളം)

ഗുണനിലവാരത്തില്‍ ആശങ്ക
വില കൂടിയതോടെ ഉപയോഗം കുറച്ചു. മറ്റുള്ള എണ്ണകള്‍ ഉപയോഗിക്കാനും ഭയമാണ്. അവയുടെ ഗുണനിലവാരത്തില്‍ സംശയമുണ്ട്. വിപണിയില്‍ വ്യാജ എണ്ണകളുണ്ടാകാനുള്ള സാധ്യതയുണ്ട്.

Post a Comment

Previous Post Next Post
Paris
Paris