പ്രചാരണച്ചൂടിൽ നിലമ്പൂർ; സ്വരാജിനുവേണ്ടി 11 മന്ത്രിമാർ, ‘അൻവർ ഇഫക്ട്’ എന്താകുമെന്ന് തലപുകച്ച് മുന്നണികൾ



നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിന് എട്ടു ദിവസം ശേഷിക്കേ നിലമ്പൂർ പ്രചാരണച്ചൂടിൽ. കോൺഗ്രസിനും സിപിഎമ്മിനും വിജയം നിർണായകമായ തിരഞ്ഞെടുപ്പിൽ സർവ പ്രചാരണ ആയുധങ്ങളും പുറത്തെടുത്താണ് മുന്നണികളുടെ മുന്നേറ്റം. ഇന്നലെ 11 മന്ത്രിമാരാണ് പ്രചാരണത്തിനെത്തിയത്. കോൺഗ്രസിന്റെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിൽ കേന്ദ്രീകരിച്ചിട്ടുണ്ട്. ബിജെപി വോട്ടു വർധന ലക്ഷ്യമിടുന്നു.




പിഡിപി, വെൽഫെയർ പാർട്ടികളുടെ പിന്തുണ സംബന്ധിച്ചാണ് അവസാനഘട്ടത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ കൊഴുത്തുകയറിയത്. വന്യജീവി ആക്രമണവും തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമാണ്. ഇടതുപാളയം വിട്ട അൻവർ നേടുന്ന വോട്ടുകൾ നിർണായകമാകുമെന്നതിനാൽ അതിനെ മറികടക്കാനുള്ള തന്ത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നു.

വെൽഫെയർ പാർട്ടിയും പിഡിപിയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയതോടെയാണ് ആരോപണ, പ്രത്യാരോപണങ്ങളുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയത്. ഇരു മുന്നണികളും വർഗീയ ശക്തികൾക്കു പിന്നാലെ പോകുന്നുവെന്നാണ് ആരോപണം. പിഡിപി പീഡിപ്പിക്കപ്പെട്ടൊരു വിഭാഗമാണെന്നും പഴയ വർഗീയ നിലപാടോ ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദമോ അവർക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

എൽഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച അഖില ഭാരത ഹിന്ദു മഹാസഭ ആരാണെന്നു പോലും അറിയില്ലെന്നാണ് സിപിഎം നിലപാട്. സിപിഎമ്മിനു പിന്തുണ നൽകുമ്പോൾ അവരെ മതനിരപേക്ഷവാദികളും യുഡിഎഫിനെ പിന്തുണയ്ക്കുമ്പോൾ വർഗീയവാദികളുമാക്കുന്നത് സ്ഥിരം പരിപാടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു. ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നും അവരുടെ സമീപനത്തിൽ മാറ്റം വന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാന മുന്നണികളുടെ കൂടുതൽ നേതാക്കൾ പ്രചാരണത്തിനായി എത്തും.

മുഖ്യമന്ത്രിയുമായി അകന്നതിനെ തുടർന്ന് ഇടതു മുന്നണിവിട്ട പി.വി.അൻവർ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. മണ്ഡലത്തിലെ ‘അൻവർ ഇഫക്ട്’ എന്താകുമെന്ന് മുന്നണികൾ തലപുകയ്ക്കുന്നുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ 2700 വോട്ടിനാണ് അൻവർ ജയിച്ചത്. 81,277 വോട്ട് നേടി. 2016ൽ, ഇപ്പോഴത്തെ കോൺഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ 11,504 വോട്ടിനാണ് അൻവർ തോൽപിച്ചത്. 77,858 വോട്ട് നേടി. യുഡിഎഫിന് ശരാശരി 75,000 വോട്ടും എൽഡിഎഫിന് 60,000വോട്ടും മണ്ഡലത്തിലുണ്ടെന്നാണ് വിലയിരുത്തൽ. അൻവർ പതിനായിരത്തിനു മുകളിൽ വോട്ടു നേടിയാൽ ജയപരാജയങ്ങളെ സ്വാധീനിക്കാനാകും. തുടർഭരണമെന്ന ലക്ഷ്യത്തോടെ പോകുന്ന എൽഡിഎഫിന് വിജയം പ്രധാനപ്പെട്ടതാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലമ്പൂരിലെ ഫലമാകും യുഡിഎഫിന്റെ തുടർ നീക്കങ്ങളെ സ്വാധീനിക്കുക.

Post a Comment

Previous Post Next Post
Paris
Paris