പതങ്കയം ''മരണക്കയം''; നീന്തല്‍ വശമുണ്ടായിരുന്ന യുവാവ് മുങ്ങിത്താണത് ഒപ്പമുള്ളവര്‍ അറിയാൻ വൈകി



 കോഴിക്കോട് : കോടഞ്ചേരി പഞ്ചായത്തില്‍ നാരങ്ങാത്തോട് ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് കടലുണ്ടി നഗരം തൂലിക്കല്‍ അബ്ബാസിന്റെ മകന്‍ റമീസ് സഹിഷാദ് (20) ആണ് മരിച്ചത്.




റമീസ് പെട്രോള്‍പമ്പ് ജീവനക്കാരനാണ്. സുഹൃത്തുക്കളുമൊരുമിച്ചാണ് ബുധനാഴ്ച വൈകീട്ട് പതങ്കയത്ത് എത്തിയത്. നീന്തല്‍ വശമുണ്ടായിരുന്ന റമീസ് മുങ്ങിത്താണത് വൈകിയാണ് സംഘാംഗങ്ങള്‍ അറിഞ്ഞത്. അവിടെയുണ്ടായിരുന്ന റഫീഖ് തോട്ടുമുക്കത്തിന്റെയും നെല്ലിപ്പോയില്‍ സ്വദേശി സ്റ്റാലിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഹസീന. സഹോദരങ്ങള്‍: സഹീമുന്നിസ, സിയഹെസ്ലിന്‍.

 ഇരുവഞ്ഞിപ്പുഴയുടെ ആഴക്കയങ്ങളില്‍ ഏറ്റവും അപകടകാരിയായ പതങ്കയത്ത് ഇതുവരെ പൊലിഞ്ഞത് ഇരുപത്തിനാലു പേരുടെ ജീവനെന്ന് കണക്ക്. ബുധനാഴ്ച വൈകുന്നേരം ആഴക്കയത്തിന്റെ കാണാമറയത്ത് അപ്രത്യക്ഷമായ മലപ്പുറം സ്വദേശി റമീസ് സഹിഷാദ് ഒടുവിലത്തെ ഇര. സംഘമായി എത്തി നീന്തുകയായിരുന്ന യുവാക്കള്‍, കൂടെയുണ്ടായിരുന്ന റമീസ് മുങ്ങിത്താണത് അറിഞ്ഞില്ല. രക്ഷാപ്രവര്‍ത്തകര്‍ മുങ്ങിത്തപ്പി യുവാവിനെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കാത്തതിനാല്‍ ഇവിടെ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുകയോ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.

പ്രവേശന കവാടത്തില്‍ അപകട സൂചനാ ബോര്‍ഡ് വെച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനം ഇതിലൊതുങ്ങുന്നു. കഴിഞ്ഞ കൊല്ലം മണ്‍സൂണ്‍ സീസണില്‍ തിരുവമ്പാടി, കോടഞ്ചേരി പോലീസ് സംയുക്തമായി ഇവിടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വേനല്‍ക്കാലത്ത് നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇപ്പോള്‍ കാവലുമില്ല. ഒട്ടേറേ ഊടു വഴികളിലൂടെ എത്തിച്ചേരാവുന്ന പതങ്കയത്ത് സഞ്ചാരികളെത്തുന്നത് തടയാന്‍പറ്റാത്ത സ്ഥിതിയുണ്ട്.

പലകയങ്ങളുടെ സംഗമം
പതങ്കയം പല കയങ്ങള്‍കൂടി ചേര്‍ന്നതാണ്. പച്ചപ്പ് നിറഞ്ഞ ചുറ്റുപാടും തടാകം പോലെയുള്ള കയത്തിന്റെ സ്വച്ഛന്ദമായ ഉപരിതലവും സഞ്ചാരികളുടെ മനംമയക്കും. ആഴംകുറഞ്ഞഭാഗത്ത് കൂട്ടമായി നീന്താന്‍ ഇറങ്ങുന്നവര്‍ നീന്തിത്തുടിച്ച് കയത്തിലേക്ക് എത്തുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ആഴത്തിലേക്ക് പോകുന്തോറും തണുപ്പ് കൂടുന്നതിനാല്‍ പല ശാരീരിക അസ്വസ്ഥതകളും ഉണ്ടായേക്കാമെന്നാണ് പ്രദേശത്തെ രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

മഴക്കാലത്തും വേനല്‍ക്കാലത്തും ഒരേപോലെ വഴുക്കലുള്ള കാഠിന്യമേറിയ പാറക്കൂട്ടങ്ങളും അപകടക്കെണിയൊരുക്കും. നഗരത്തില്‍ നിന്നും എത്തുന്ന വിനോദസഞ്ചാരികളോട് അപകടത്തെക്കുറിച്ച് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയാലും അവഗണിക്കുകയാണ് പതിവ്. മണ്‍സൂണില്‍ ആര്‍ത്തലച്ച് രൗദ്രഭാവം കൈക്കൊള്ളുന്ന ഇരുവഞ്ഞിപുഴയില്‍ ഇറങ്ങുന്നത് ഏതാനുംവര്‍ഷമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം വിലക്കിയിട്ടുണ്ട്. സുരക്ഷാ നടപടികള്‍ കൈക്കൊള്ളുന്നതുവരെ പതങ്കയത്തിന്റെ ഇരുകരകളിലും പോലീസ് നിരീക്ഷണം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.


Post a Comment

Previous Post Next Post
Paris
Paris