മുക്കം: കാംപസിനകത്ത് സമരംചെയ്ത ഒരു വിദ്യാര്‍ഥിക്ക് ആറരലക്ഷം രൂപവീതം അഞ്ചുപേര്‍ക്ക് പിഴ ചുമത്തിയ നടപടി പിന്‍വലിച്ച് കാലിക്കറ്റ് എന്‍ഐടി. കാംപസില്‍ ഏര്‍പ്പെടുത്തിയ രാത്രികാലനിയന്ത്രണത്തിനെതിരേ 2024 മാര്‍ച്ച് 22-ന് നടന്ന സമരത്തില്‍ പങ്കെടുത്ത അഞ്ചു വിദ്യാര്‍ഥികള്‍ക്കാണ് മൊത്തം 33 ലക്ഷംരൂപ പിഴ ചുമത്തിയിരുന്നത്.
കാംപസിലെ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭീമമായ തുക പിഴ ചുമത്തുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്ന തോന്നലിലാണ് നടപടി പിന്‍വലിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. കാംപസിലെ നിയമങ്ങളും നിയന്ത്രണങ്ങളും വിദ്യാര്‍ഥികള്‍ പാലിക്കണമെന്നും ഉത്തരവിലുണ്ട്.
ബിടെക് അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്ന വൈശാഖ് പ്രേംകുമാര്‍, മൂന്നാംവര്‍ഷ ബിടെക് വിദ്യാര്‍ഥിയും സ്റ്റുഡന്റ് അഫയേഴ്‌സ് കൗണ്‍സില്‍ സ്പീക്കറുമായിരുന്ന കൈലാഷ് നാഥ്, എംടെക് അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഇര്‍ഷാദ് ഇബ്രാഹീം, ബിടെക് നാലാംവര്‍ഷ വിദ്യാര്‍ഥി ജെ. ആദര്‍ശ്, ബെന്‍ തോമസ് എന്നിവര്‍ക്കെതിരേയാണ് പിഴ ചുമത്തിയിരുന്നത്.
ഇവരില്‍ കഴിഞ്ഞവര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ബെന്‍ തോമസിനെ ഇതിന്റെപേരില്‍ ബിരുദദാനച്ചടങ്ങില്‍നിന്ന് അധികൃതര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് ബെന്‍ തോമസ് ഹൈക്കോടതിയെ സമീപിച്ച്, നിശ്ചിത തുക ബാങ്ക് ഗാരന്റി നല്‍കിയ ശേഷമാണ് ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തത്. ഈ തുക നഷ്ടപ്പെട്ടെന്നുകാണിച്ച് ബെന്‍ തോമസ് പോലീസിനെ സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധികൃതര്‍ പിഴ ചുമത്തിയ നടപടി പെട്ടെന്ന് പിന്‍വലിച്ചതെന്നാണ് സമരം നടത്തിയ ദിവസം ജീവനക്കാരെ കാംപസ് കവാടത്തില്‍ തടഞ്ഞതിനാല്‍ പ്രവൃത്തിദിവസം നഷ്ടപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് എന്‍ഐടിസി അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തിയത്. ഇത് സെനറ്റിന്റെ തീരുമാനത്തിനു വിരുദ്ധമായാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

Post a Comment