ദേശീയപാത തകർന്നതിൽ കേന്ദ്രത്തിന്റെ കടുത്ത നടപടി; സൈറ്റ് എൻജിനീയറെ പുറത്താക്കി, പ്രോജക്ട് ഡയറക്ടർക്ക് സസ്പെൻഷൻ



 കൊച്ചി : ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോഡ് തകർന്നതിൽ നടപടിയുമായി കേന്ദ്രം. ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയറെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്താക്കി. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കണം. ദേശീയപാത 66ൽ 17 ഇടങ്ങളിലെ എംബാങ്മെന്റ് നിർമാണം കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി പഠിക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി.




ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡും ഇടിഞ്ഞുതാണിരുന്നു. കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാട് വയലിലൂടെ കടന്നുപോകുന്ന ഭാഗത്തായിരുന്നു സംഭവം. സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 3 കുട്ടികളടക്കം 8 പേർക്കു നിസ്സാര പരുക്കേറ്റു. കാറിന്റെ മുൻവശവും ചില്ലും തകർന്നു. അപകടം കണ്ട് പിന്നിലെ കാറിൽനിന്നു പാടത്തേക്കു ചാടിയ മറ്റൊരാൾക്കും പരുക്കേറ്റു. മറ്റു 2 കാറുകൾകൂടി സർവീസ് റോഡിലുണ്ടായിരുന്നെങ്കിലും കാര്യമായ തകരാറുണ്ടായില്ല. റോഡ് പണിക്കെത്തിച്ച മണ്ണുമാന്തിയും അപകടത്തിൽപെട്ടു.



Post a Comment

Previous Post Next Post
Paris
Paris