ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടപ്പിലാക്കിയ സൈനിക നടപടിയില്‍ പാകിസ്താനില്‍ വന്‍ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നടപടിയില്‍ ആദ്യം പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. എന്നാല്‍ തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യയിലെ സാധാരണക്കാരെയും സൈനിക കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇന്ത്യ അതേനാണയത്തില്‍ തിരിച്ചടിച്ചു. മൂന്നുദിവസത്തിനിടെ പാകിസ്താനിലെ സൈനിക പോസ്റ്റുകള്‍, സൈനിക കേന്ദ്രങ്ങള്‍, വ്യോമതാവളങ്ങള്‍, ഭീകരവാദ കേന്ദ്രങ്ങള്‍ എന്നിവ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ തകര്‍ന്നടിഞ്ഞു.
ഇന്ത്യ തിരിച്ചടി കടുപ്പിച്ചതോടെ വെടിനിര്‍ത്തലിന് തയ്യാറായെങ്കിലും പാക് സൈന്യം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നു. ഇതോടെ ഇന്ത്യ പാക് സൈന്യത്തിന് ശക്തമായ മറുപടി തിരിച്ചടിയിലൂടെ നല്‍കി.
മെയ് ഏഴിന് തുടങ്ങിയ സൈനിക നടപടിയില്‍ പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും വ്യോമതാവളങ്ങളും ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. എന്നാല്‍ പാകിസ്താന്റെ പ്രത്യാക്രമണം പരാജയപ്പെടുത്താനും ഇന്ത്യയ്ക്കായെന്ന് പ്രതിരോധവൃത്തങ്ങള്‍ പറയുന്നു.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരവാദകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. 100ഓളം ഭീകരവാദികളും 26 മിനിറ്റ് നീണ്ട ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അക്കൂട്ടത്തില്‍ ഇന്ത്യ ഏറെക്കാലം ലക്ഷ്യമിട്ടിരുന്ന കൊടുംഭീകരരും ഉള്‍പ്പെടും.
റഫാല്‍ വിമാനങ്ങളില്‍ നിന്ന് തൊടുത്ത സ്‌കാള്‍പ്, ഹാമ്മര്‍ മിസൈലുകള്‍, ഗൈഡഡ് ബോംബുകള്‍, എം-777 ഹൊവിറ്റ്‌സറുകള്‍ ( പീരങ്കി), ലോയിറ്ററിങ് മ്യൂണിഷനുകള്‍( കാമികാസെ ഡ്രോണുകള്‍) എന്നിവ ഉപയോഗിച്ചാണ് ഇന്ത്യ പാകിസ്താനില്‍ പ്രഹരിച്ചത്. ആക്രമണത്തില്‍ നടുങ്ങിയ പാകിസ്താന്‍ തിരിച്ചടിക്ക് തിരഞ്ഞെടുത്തത് തുര്‍ക്കിയില്‍ നിന്ന് വാങ്ങിയ ഡ്രോണുകളെയാണ്. എന്നാല്‍ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അവയെ തടയുന്നതില്‍ വിജയിച്ചു.
കഴിഞ്ഞ മൂന്നുദിവസത്തിനിടെ പാകിസ്താന്‍ തുടര്‍ച്ചയായി ഇന്ത്യയെ പ്രകോപിപ്പിച്ചു. അതിന് ഇന്ത്യ കടുത്ത തിരിച്ചടി നല്‍കിയത് പാകിസ്താന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ്. ഇതോടെ ഇന്ത്യയുടെ ആക്രമണത്തിന്റെ ചൂട് ലാഹോറും കറാച്ചിയും വരെ അറിഞ്ഞു.
ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താന്റെ റഫിഖി, മുറിദ്, ചക്ലാല, റഹിം യാര്‍ ഖാന്‍, സുക്കുര്‍, ചുനൈന്‍, പസ്‌രൂര്‍, സിയാല്‍കോട്ട് തുടങ്ങിയ സൈനിക താവളങ്ങള്‍ തകര്‍ന്നു. ഇവിടങ്ങളിലെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, കമാന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍ എന്നിവയാണ് തകര്‍ന്നത്. ഇതിന് പുറമെ സിയാല്‍കോട്ട്, സര്‍ഗോധ, ജാക്കോബാബാദ്, ഭൊലാരി തുടങ്ങിയ വ്യോമതാവളങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. ഇവിടങ്ങളിലെ റഡാര്‍ സംവിധാനങ്ങളും ആയുധങ്ങളും തകര്‍ന്നുതരിപ്പണമായി.
നിയന്ത്രണരേഖയില്‍ ഇന്ത്യയിലെ സാധാരണക്കാരെ പാക് സൈന്യം ലക്ഷ്യമിട്ടതോടെ പാകിസ്താന്റെ മിലിട്ടറി പോസ്റ്റുകള്‍ ഇന്ത്യ ടാങ്കുവേധ മിസൈലുകളുപയോഗിച്ച് തകര്‍ത്തുകളഞ്ഞു. മാത്രമല്ല അവരുടെ കമാന്‍ഡ് സെന്ററുകളും ലോജിസ്റ്റിക് സൗകര്യങ്ങളും നശിപ്പിച്ചു. ഇതോടെ തുടര്‍ച്ചയായി ആക്രമിക്കാനുള്ള ശേഷി പാകിസ്താന് കുറഞ്ഞു.
ഇന്ത്യന്‍ ആക്രമണത്തില്‍ സമാനതകളില്ലാത്ത നാശമുണ്ടായതോടെ പാകിസ്താന്‍ സഹായത്തിനായി സൗദി, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളെ ബന്ധപ്പെട്ടു. ഇതോടെ അമേരിക്ക ഇരുരാജ്യങ്ങളുമായി സംസാരിച്ച് വെടിനിര്‍ത്തലിന് കളമൊരുക്കി. പാകിസ്താനെ കൊണ്ട് ഇന്ത്യയെ വിളിപ്പിച്ച് വെടിനിര്‍ത്തലിന് സന്നദ്ദമാണെന്ന് അറിയിക്കാന്‍ അമേരിക്കയാണ് ഇടപെട്ടത്. ഇതിന്റെ പിന്നാലെയാണ് പാകിസ്താന്‍ വെടിനിര്‍ത്തിയാല്‍ സമാധാനമാകാമെന്ന് ഇന്ത്യ തീരുമാനിച്ചത്. വെടിനിര്‍ത്താമെന്ന് പാകിസ്താന്‍ പറഞ്ഞെങ്കിലും കഴിഞ്ഞ രാത്രി വീണ്ടും അവര്‍ പ്രകോപനത്തിന് തുനിഞ്ഞു. ഇതോടെ ഇന്ത്യ വീണ്ടും തിരിച്ചടിച്ചു.
ഭാവിയിലുണ്ടാകുന്ന ഏത് ഭീകരാക്രമണത്തിലും പാകിസ്താന്റെ പങ്കുതെളിഞ്ഞാല്‍ അത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന നയമാണ് ഇന്ത്യ സ്വീകരിച്ചത്. ഭീകരവാദത്തോടും അതിനെ പിന്തുണയ്ക്കുന്നവരോടും ചര്‍ച്ചയില്ല, സൈനികമായി തന്നെ മറുപടി എന്ന നയത്തിലേക്ക് പ്രഖ്യാപിതമായി ഇന്ത്യമാറിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രകോപനത്തിന് മുതിരില്ല എന്നാണ് കരുതുന്നത്.

Post a Comment