മലപ്പുറം: മുൻ എംഎൽഎ പി.വി. അൻവറിന് പോലീസിലെ രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണത്തെത്തുടർന്ന് സസ്പെൻഷനിലായ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അടിയന്തരമായി ജോലിയിൽ തിരിച്ചെടുത്തു. ബറ്റാലിയന്റെ തൃശ്ശൂർ കമാൻഡന്റ് മുഹമ്മ്ദ് നജീബുദ്ദീനാണ് ഉത്തരവിട്ടത്.
ഏപ്രിൽ 28-നാണ് ഹവിൽദാർ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യൻ എന്നിവരെ സസ്പെൻഡ് ചെയ്‌തത്. മാർച്ച് 13-നാണ് ഇവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് ഉത്തരമേഖലാ ഐജി നിർദ്ദേശിച്ചതെങ്കിലും 45 ദിവസം കഴിഞ്ഞാണ് നിർദ്ദേശം നടപ്പാക്കിയത്. പോലീസിന്റെ രഹസ്യ ഓപ്പറേഷൻ വിഭാഗമായ അരീക്കോട്ടെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ വിവരങ്ങൾ പി.വി. അൻവറിനും മാധ്യമങ്ങൾക്കും ചോർത്തിക്കൊടുത്തു എന്നായിരുന്നു ഇവർക്കെതിരേയുള്ള ആരോപണം.
ഈ രേഖകൾ ഉയർത്തിക്കാട്ടി അൻവർ മഞ്ചേരിയിൽ പത്രസമ്മേളനവും നടത്തി. എസ്ഒജി ആസ്ഥാനത്ത് ഹവിൽദാർ വിനീത് സ്വയം വെടിവെച്ചുമരിച്ച സംഭവത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും ഇരുവർക്കുമെതിരേ ആരോപണമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് റിപ്പോർട്ടുണ്ടായി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.

Post a Comment