ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയും കാറ്റും, വ്യോമഗതാഗതം തടസപ്പെട്ടു. ദേശീയ തലസ്ഥാന മേഖലയിലും(എൻ.സി.ആർ)കനത്ത മഴയും കാറ്റും ഒപ്പം ചില ഭാഗങ്ങളിൽ പൊടിക്കാറ്റും അനുഭവപ്പെട്ടു. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന്എയർ ഇന്ത്യ നിർദേശിച്ചു. ഇന്ത്യയുടെ കിഴക്കൻ, വടക്കൻ, ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.
മേയിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ നേരിയ മഴയോ ഇടയ്ക്കിടെയുള്ള കാറ്റോടു കൂടിയ മഴയോ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നഗരത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിലെല്ലാം മഴയും കാറ്റും പ്രതീക്ഷിക്കാം. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. ചിലപ്പോൾ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ മൂന്ന് ദിവസങ്ങളിൽ മേഘാവൃതമായ ആകാശവും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ 5.30 നും 5.50 നും ഇടയിൽ പ്രഗതി മൈതാനത്ത് മണിക്കൂറിൽ 78 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശി. ഇഗ്നോ (മണിക്കൂറിൽ 52 കിലോമീറ്റർ), നജഫ്ഗഡ് (മണിക്കൂറിൽ 56 കിലോമീറ്റർ), ലോധി റോഡ് (മണിക്കൂറിൽ 59 കിലോമീറ്റർ), പിതംപുര (മണിക്കൂറിൽ 59 കിലോമീറ്റർ) എന്നിവയാണ് 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശിയ മറ്റ് സ്ഥലങ്ങൾ.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ആളുകൾ വീടിനുള്ളിൽ തുടരണമെന്നും നിർദേശമുണ്ട്. വടക്കൻ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, തെക്കുപടിഞ്ഞാറൻ രാജസ്ഥാൻ, ഒഡീഷ, ഛത്തീസ്ഗഢ്, തെക്കൻ ഗംഗാതീര പശ്ചിമ ബംഗാൾ, വടക്കൻ തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Post a Comment