സ്വർണക്കടത്തിൽ ലാഭം കുറഞ്ഞു; കേരളം ഹൈബ്രിഡ് കഞ്ചാവ് ഹബ്ബാകുന്നു,UAEലേക്ക് കടത്ത്, ആദ്യകേസ് കൊച്ചിയിൽ


 കൊച്ചി: സ്വര്‍ണത്തില്‍ ലാഭം കുറഞ്ഞതോടെ സ്വര്‍ണക്കടത്തുസംഘങ്ങള്‍ വന്‍ലാഭമുള്ള ഹൈബ്രിഡ് കഞ്ചാവിലേക്ക് ചുവടുമാറ്റുന്നു. കേരളം 'ഹൈബ്രിഡ്' ഹബ്ബാ'യി മാറാന്‍ പോകുന്നു എന്നാണ് കസ്റ്റംസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.




രാജ്യത്ത് ഉത്പാദനമില്ലാത്ത ഹൈബ്രിഡ് കഞ്ചാവ്, തായ്ലാന്‍ഡ് പോലുള്ള രാജ്യങ്ങളില്‍നിന്ന് ഇവിടെയെത്തിച്ച്, മയക്കുമരുന്ന് കൈവശം വെച്ചാല്‍ വധശിക്ഷവരെ ലഭിക്കുന്ന യുഎഇയിലേക്ക് അടക്കം കടത്തുന്നുണ്ട് എന്നാണ് വ്യക്തമാകുന്നത്. കൊച്ചി വിമാനത്താവളം വഴി റാസല്‍ ഖൈമയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താനുള്ള ശ്രമം കൊച്ചി കസ്റ്റംസ് പ്രിവന്റീവ് പിടികൂടിയതോടെയാണ് സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പുതിയ ഓപ്പറേഷനുകളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂലായ് മുതല്‍ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കിയിരുന്നു. ഇതോടെ സ്വര്‍ണക്കടത്തില്‍ ഒരു കിലോയ്ക്ക് ആറുലക്ഷം രൂപയ്ക്ക് മുകളില്‍ വരെ ലാഭം കിട്ടിയിരുന്നത് ഒരു ലക്ഷം വരെയായി കുറഞ്ഞു. കാരിയര്‍മാര്‍ക്കുള്ള കമ്മിഷനും വിമാനടിക്കറ്റിനുമുള്ള പണവുമടക്കം എടുക്കുന്ന 'റിസ്‌കി'നുള്ള ലാഭം സ്വര്‍ണത്തില്‍ നിന്നില്ലാതായി.

പ്രത്യേക അന്തരീക്ഷ ഊഷ്മാവില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ വിളവെടുക്കുന്നതാണ് മാരകലഹരിയുള്ള ഹൈബ്രിഡ് കഞ്ചാവ്. കിലോയ്ക്ക് ഒരു കോടി രൂപയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില.

വിദേശത്തുനിന്നും കേരളത്തിലേക്ക് എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ്, കോഴിക്കോട്, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ വഴി യുഎഇയിലേക്ക് കടത്തുന്നു എന്നാണ് വ്യക്തമായിരിക്കുന്നത്. പത്തിരട്ടി ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. കാരിയര്‍മാര്‍ ആകുന്നവര്‍ക്ക് വിമാനടിക്കറ്റോ വിസിറ്റിങ് വിസയോ ആയിരിക്കും കമ്മിഷന്‍. റാസല്‍ ഖൈമയിലേക്ക് 5.5 കിലോ കടത്താന്‍ ശ്രമിച്ച് കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ പിടിയിലായ മലപ്പുറം സ്വദേശിക്ക് വിസിറ്റിങ് വിസയായിരുന്നു വാഗ്ദാനമെന്നാണ് സൂചന. ഇയാള്‍ ജോലിയന്വേഷിച്ചാണ് യുഎഇയിലേക്ക് പോകാനൊരുങ്ങിയത്.

Post a Comment

Previous Post Next Post
Paris
Paris