പ്രശസ്ത റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചി തൃപ്പൂണിത്തുറയിലുള്ള ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഫ്ലാറ്റിൽ വേടനും സുഹൃത്തുക്കളും ലഹരി ഉപയോഗിക്കുന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നായിരുന്നു പൊലീസ് പരിശോധന. വേടനെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ഡാൻസാഫ് സംഘത്തിന്റെ പരിശോധനയിൽ 5 ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. വേടനടക്കം ഒമ്പതംഗ സംഘമാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. ഹിരൺദാസ് മുരളി എന്ന വേടൻ യുവതലമുറയിലെ ഗായകരിൽ ശ്രദ്ധേയനാണ്. സ്വതന്ത്ര ആൽബങ്ങളും സിനിമ ഗാനങ്ങളുമടക്കം നിരവധി ഗാനങ്ങൾ വേടന്റേതായുണ്ട്. വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ഗോശ്രീ പാലത്തിന് സമീപമുള്ള സംവിധായകൻ സമീർ താഹിറിന്റെ ഫ്ലാറ്റിൽ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരും സുഹൃത്ത് ഷാലിഫ് മുഹമ്മദും അറസ്റ്റിലായത്. 1.6 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

Post a Comment