കോഴിക്കോട്: അരയിടത്തുപാലം ബസ് അപകടത്തെ തുടർന്നു നഗരത്തിൽ മോട്ടർ എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ സ്വകാര്യ ബസുകൾക്കെതിരെ വ്യാപക പരിശോധന. 30 സ്വകാര്യ ബസുകൾക്കെതിരെ നിയമലംഘനത്തിനു നടപടിയെടുത്തു. 5 ബസുകൾക്ക് സാങ്കേതിക തകരാർ കണ്ടെത്തിയ സാഹചര്യത്തിൽ സ്റ്റോപ് മെമ്മോ നൽകിയതായി ആർടിഒ പി.എ.നസീർ പറഞ്ഞു. ഇന്നലെ രാവിലെ പൊലീസും മോട്ടർ വാഹന ഉദ്യോഗസ്ഥരും സംയുക്തമായി അരയിടത്തുപാലം അപകട സ്ഥലം പരിശോധിച്ചു. പാലത്തിൽ വരുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ചു പിഡബ്ല്യുഡി വിഭാഗത്തിന് ഇന്നു റിപ്പോർട്ട് നൽകും.
നഗരത്തിൽ സ്വകാര്യ ബസുകൾക്ക് വേഗപരിധി 35 കിലോ മീറ്ററാണ്. എന്നാൽ ഭൂരിപക്ഷം ബസുകളും അമിത വേഗത്തിലാണ് സർവീസ് നടത്തുന്നതെന്നു പരാതിയുണ്ട്. നഗരത്തിൽ ഇരുചക്രവാഹനം, കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ മറ്റു വാഹനങ്ങളെ മറികടക്കുക, മൊബൈൽ ഫോൺ ഉപയോഗിച്ചു ഡ്രൈവിങ്, അമിതമായി ഹോൺ മുഴക്കൽ എന്നിവ കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നു മോട്ടർ വാഹന ഉദ്യോഗസ്ഥർ അറിയിച്ചു. സിറ്റി പരിധിയിൽ ബസുകൾ മറ്റു വാഹനങ്ങളെ മറികടക്കുക, അനാവശ്യമായി ചെറിയ വാഹനങ്ങളെ യാത്ര തടസ്സപ്പെടുത്തുക എന്നിവയ്ക്കെതിരെയും അടുത്ത ദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment