മാവൂർ: ജീവ കാരുണ്യ - സാന്ത്വന മേഖലകളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെച്ചു കൊണ്ട്, ചെറൂപ്പ ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സന്നദ്ധ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ 'റിഫോക്കി'ൻ്റെ സാന്ത്വന ഫണ്ടിലേക്ക് പൗരപ്രമുഖനും ഉദാരമനസ്കനുമായ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.
നിരാശ്രയരും നിരാലംബരും നിർധനരുമായ കുടുംബങ്ങളെ കണ്ടെത്തി അവരുടെ വിവാഹം, വീട് നിർമ്മാണം, രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ സംഘടനയുടെ ശ്രദ്ധയും സമാനതകളില്ലാത്ത സഹായ പ്രവർത്തനങ്ങളുമാണ് ബഹു. രാജേന്ദ്രന് ഇത്തരമൊരു സൽ സംരംഭത്തിന് പ്രചോദനമേകിയത്.
മാസങ്ങൾക്കു മുമ്പ് ദുബായിൽ വെച്ച് നടന്ന റിഫോക്ക് ഗ്ലോബൽ മീറ്റിൻ്റെ ഉദ്ഘാടകൻ കൂടിയായ രാജേന്ദ്രൻ കാണിച്ച ഈ സഹായ മനസ്ഥിതിയെ സംഘടന പ്രത്യേകം ചർച്ചക്ക് വിധേയമാക്കുകയും അദ്ദേഹത്തിന് അകൈതവമായ അഭിനന്ദങ്ങൾ അർപ്പിക്കുകയും ചെയ്തു.
സ്വന്തം വസതിയിൽ വെച്ച് പിതാവിൻ്റെ സാന്നിധ്യത്തിൽ രാജേന്ദ്രൻ ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡണ്ട് എ.കെ. ഫാസിലിന് കൈമാറി. വൈസ് പ്രസിഡണ്ട് ശരീഫ്, ജോ. സെക്രട്ടറിമാരായ പി.കെ. ഷാഹുൽ, ടി. കെ. ജനീഷ്, മെമ്പർ കെ. ഉസൈൻ കുട്ടി എന്നിവർ സംബന്ധിച്ചു.

Post a Comment