കളൻതോട് - കൂളിമാട് റോഡിലെ യാത്ര ദുരിതം: റീത്ത് വെച്ച് റോഡ് ഉപരോധിച്ച് ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ്


കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കളൻതോട് അങ്ങാടിയിൽ പ്രകടനവും, റീത്ത് സമർപ്പിച്ച് റോഡ് ഉപരോധവും നടത്തി. 2018 ൽ പ്രവർത്തി ആരംഭിച്ച കളൻതോട്- കൂളിമാട് റോഡിന്റെ പ്രവർത്തിയുടെ മന്ദഗതിക്കും, കളൻതോട് മുതൽ 600 മീറ്റർ പ്രവർത്തി നിർത്തി വെച്ച നടപടിയിലും പ്രതിഷേധിച്ചാണ് സമരം നടത്തിയത്.





വേനൽക്കാലത്ത് പൊടിശല്യമായിരുന്നെങ്കിൽ മഴക്കാലം വന്നതോടെ റോഡ് ചളിക്കുളമായ അവസ്ഥയാണ്. KSEB പോസ്റ്റ് മാറ്റി കൊടുക്കാത്തതിനാലാണ് ഈ പ്രദേശത്തെ പ്രവർത്തി നിർത്തിവെക്കാൻ കാരണം. എന്നാൽ KSEB ക്ക് ഇതിന് ആവശ്യമായ നടപടികൾ നൽകാത്തതിനാലാണ് പോസ്റ്റ് മാറ്റാത്തത് എന്നതാണ് KSEB യുടെ വാദം. വകുപ്പുകളുടെ എകോപനമില്ലായ്മ കാരണം ജനങ്ങളാണ് ഇതിൽ പ്രയാസപ്പെടുന്നത്. റോഡിലെ പല ഭാഗങ്ങളിലും വലിയ രൂപത്തിലുള്ള മഴ വെള്ള കെട്ടുകളാണ് രൂപപ്പെടുന്നത്. ഇത് കാൽനടയാത്രക്കാർക്കും ചെറുകിട വാഹനങ്ങൾക്കും ഒരു പോലെ പ്രയാസകരമാണ്. എം എൽ എ യും, പഞ്ചായത്ത് ഭരണസമിതിയും ഇതിൽ ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ല.

കെ എം സി ടി, എം ഇ എസ്, നായർകുഴി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, എം വി ആർ ഹോസ്പിറ്റൽ, കോഴിക്കോട് എയര്‍പോർട്ട് എന്നിവിടങ്ങളിലെക്കുള്ള പ്രധാന റോഡാണ് ഇത്. റോഡിന്റെ പണി എത്രയും പെട്ടന്ന് പൂർത്തികരിച്ച് ജനങ്ങൾക്ക് സൗകര്യം ഒരുക്കണമെന്ന് സമരത്തിലൂടെ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇനിയും പ്രവർത്തി മന്ദഗതിയിൽ മുന്നോട്ട് പോയാൽ പൊതുജനങ്ങളെ ഉൾപ്പെടുത്തി ബഹുജന പ്രക്ഷോപങ്ങൾക്ക് കമ്മറ്റി നേതൃത്വം നൽകുമെന്നും യൂത്ത് ലീഗ് കമ്മറ്റി മുന്നറിയിപ്പ് നൽകി. പ്രതിഷേധ പരിപാടി യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റസാഖ് പുള്ളനൂർ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി അരയൻകോട്, എൻ.എം ഹുസൈൻ, എൻ.പി ഹമീദ് മാസ്റ്റർ, കുഞ്ഞിമരക്കാർ മലയമ്മ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ ഹഖീം മാസ്റ്റർ എന്നിവർ സംസാരിച്ചു .മൊയ്തു പീടികക്കണ്ടി, ബ്ലോക്ക് മെമ്പർമാരായ എം.കെ നദീറ, മുംതാസ് ഹമീദ്, റഫീഖ് കൂളിമാട്, ഇ.പി വൽസല, പി നുസ്റത്ത്, ബുഷ്റ, സിറാജ് ഈസ്റ്റ് മലയമ്മ, സിദ്ധീഖ് പി, സഫറുള്ള, റജീബ് പി കെ, ഹനീഫ, സാദിഖ് കൂളിമാട്, അക്ബർ, ശിഹാബ്, അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഫാസിൽ മുടപ്പനക്കൽ സ്വാഗതവും, റഊഫ് മലയമ്മ നന്ദിയും പറഞ്ഞു. റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരായ കുഞ്ഞി മരക്കാർ, ഹഖീം മാസ്റ്റർ, റസാഖ് പുള്ളന്നൂർ, സിദ്ധീഖ് ഈസ്റ്റ് മലയമ്മ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris