ദുരിത ബാധിതർക്കുള്ള ധനസഹായത്തിൽനിന്ന് ഇ.എം.ഐ. പിടിച്ച് ബാങ്കുകൾ; തിരികെ നൽകാൻ നിർദേശിച്ച് ജില്ലാ ഭരണകൂടം


കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകളോട് ബാങ്കുകളുടെ ക്രൂരത. അടിയന്തര സഹായമായി ലഭിച്ച 10,000 രൂപയില്‍ നിന്ന് ബാങ്കുകൾ ഇ.എം.ഐ. പിടിച്ചുവെന്ന് ദുരിതബാധിതര്‍ ആരോപിച്ചു. കേരള ഗ്രാമീണ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകൾക്കെതിരെയാണ് ആരോപണം.




സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെട്ടു. ദുരിതബാധിതര്‍ക്ക് ലഭിച്ച സര്‍ക്കാര്‍ ധനസഹായത്തില്‍നിന്ന് ജൂലൈ 30-ന് ശേഷം പിടിച്ച ഇ.എം.ഐ. തുക ഉടന്‍ തിരികെ നല്‍കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സി.ഇ.ഒ. കൂടിയായ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ഉത്തരവിറക്കി. തിങ്കളാഴ്ച നടക്കുന്ന ബാങ്കിങ് അവലോകന യോഗത്തില്‍ വിഷയത്തില്‍ അന്തിമതീരുമാനമുണ്ടാകും.

മാനുഷിക പരിഗണന ഇല്ലാതെ വായ്പ തിരിച്ചുപിടിച്ച ബാങ്കുകളുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കല്‍പ്പറ്റ എം.എല്‍.എ. ടി. സിദ്ദിഖ് പറഞ്ഞു. ദുരിതബാധിതരുടെ മുഴുവന്‍ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയത്താണ് ബാങ്കിന്റെ നടപടിയെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. വായ്പയുടെ പേരില്‍ ദുരിതബാധിതര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post
Paris
Paris