ബ്രോയിലർ കോഴികളുടെ വില ഇടിവ് തുടരുന്നു.


പരപ്പന്‍പോയില്‍ : കോഴി കർഷകർക്ക് ആശങ്കയുയർത്തി കോഴിവില താഴേക്ക്.താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ഒരു കിലോ കോഴി ഇറച്ചി വില 150 രൂപയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ 130 വരെ എത്തിയിരുന്നു.




ബ്രോയിലർ ചിക്കൻ വില കുത്തനെ കുറഞ്ഞതോടെ പ്രതിസന്ധിയിലായി കോഴി ഫാം മേഖല. ഏതാനും മാസങ്ങളായി കോഴി വില ഉയർന്നു നിൽക്കുന്നത് മുന്നിൽ കണ്ട് മിക്ക ഫാമുകളിലും വൻതോതിൽ കോഴിവളർത്തിയതാണ് ഇപ്പോൾ തിരിച്ചടിയായത്. ഒരുകിലോ കോഴിയിറച്ചിക്ക് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ 100 മുതൽ 110 രൂപ വരെയാണ് വില. ജീവനോടെ 85 മുതൽ 90 രൂപയാണ് ഈടാക്കുന്നത്. 60 മുതൽ 65 രൂപയ്ക്കാണ് ഫാമുകളിൽ നിന്ന് ഏജന്റുമാർ കോഴികളെ വാങ്ങുന്നത്.

ഒരാഴ്ച മുമ്പ് വരെ ഒരു കിലോ കോഴിയിറച്ചിക്ക് 230 മുതൽ 260 രൂപ വരെയായിരുന്നു വിവിധ ഭാഗങ്ങളിൽ ഈടാക്കിയിരുന്നത്. ഉത്പാദനം കൂടി ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കാൻ തുടങ്ങിതോടെയാണ് വിലയിൽ പെട്ടെന്ന് ഇടിവ് സംഭവിച്ചത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിലെ കോഴി വില. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. നിരക്കിൽ മാറ്റം ഉണ്ടാകുന്നതുവരെ വളർച്ചയെത്തിയ കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റഇനത്തിലും കർഷകർക്ക് നഷ്ടം ഉണ്ടാക്കും.

കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉത്പാദിപ്പിക്കാൻ 90 മുതൽ 100 രൂപ വരെ കർഷകന് ചെലവാകുന്നുണ്ട്. ഫാമുകളിൽ കിലോയ്ക്ക് 130 മുതൽ 140 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് കോഴിക്കച്ചവടക്കാർ പറയുന്നത്. അതേസമയം, കേരളത്തിൽ ഉൽപാദനം വർധിച്ചത് തിരിച്ചറിഞ്ഞുള്ള തമിഴ്‌നാട് ലോബിയുടെ ആസൂത്രിത നീക്കമാണ് കോഴിയുടെ വില കുത്തനെ കുറയാൻ കാരണമായതെന്നും കച്ചവടക്കാർ ആരോപിക്കുന്നുണ്ട്.




Post a Comment

Previous Post Next Post
Paris
Paris