സംസ്ഥാനത്ത് മഴ കനക്കുന്നു; മിന്നൽ പ്രളയത്തിനും ഉരുൾപ്പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത



തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അതിശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യത മുൻനിർത്തി പാലക്കാട്‌, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത മുൻനിർത്തി കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.


തിങ്കളാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം, ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യത ഉള്ളതിനാൽ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
തമിഴ്നാടിനും തെലങ്കാനയിലെ റായലസീമയ്ക്കും സമീപമുള്ള ചക്രവാതച്ചുഴിയും തെക്കൻ ഛത്തീസ്ഗഡ് മുതൽ കോമറിൻ മേഖല വരെയുള്ള ന്യൂനമർദ്ദപ്പാത്തിയും ശക്തിപ്രാപിച്ചതാണ് കേരളത്തിൽ മഴ ലഭിക്കാൻ കാരണം. മിന്നൽ പ്രളയത്തിനും ഉരുൾപ്പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത മഴയാകും ലഭിക്കുക. വെള്ളച്ചാട്ടങ്ങളിലും നദികളിലും ഇറങ്ങുന്നതിൽ കരുതൽ വേണം. ഇന്നലെ കുറ്റാലത്ത് മിന്നൽ പ്രളയത്തിൽ തമിഴ്നാട് തിരുനൽവേലി സ്വദേശി അശ്വിൻ 16 മരിച്ചു.
തിരുവനന്തപുരം,കോട്ടയം,പത്തനംതിട്ട എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ ഇന്നലെ ശക്തമായ മഴ പെയ്തു. ഉരുൾപൊട്ടി പെട്ടെന്ന് നദികളിൽ വെള്ളം പൊങ്ങാൻ സാദ്ധ്യതയുണ്ട്. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.



Post a Comment

Previous Post Next Post
Paris
Paris