കോഴിക്കോട്: ലീഗിലെ വനിതാ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഹരിത- എംഎസ്എഫ് തര്‍ക്കത്തില്‍ നടപടി നേരിട്ട മുന്‍നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി പ്രശ്‌നം പരിഹരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് നടപടി നേരിട്ട വനിതാ നേതാക്കള്‍ക്കടക്കം ഭാരവാഹിത്വം നല്‍കിയിരിക്കുന്നത്. ഹരിത മുന്‍ സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് ആദ്യമായിട്ടാണ് ഒരു വനിതയെത്തുന്നത്.
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് ആഷിഖ് ചെലവൂര്‍, മുഫീദ തസ്‌നി എന്നിവരെ വൈസ് പ്രസിഡന്റുമാരായും നജ്മ തബ്ശിറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു. നജ്മയും മുഫീദ തസ്‌നിയും മുന്‍ ഹരിത ഭാരവാഹികളായിരുന്നു. ഹരിത വിവാദത്തില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം നിന്നതിന് നടപടി നേരിട്ട എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ച് ഉത്തരവിറങ്ങി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ലത്തീഫ് തുറയൂരിനെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തിരിച്ചെടുത്തത്.
നിലവിലെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ നവാസിന് അനുകൂല നിലപാട് സ്വീകരിക്കാമെന്ന ഉറപ്പിലാണ് ഇവരെ തിരിച്ചെടുക്കുകയും ഭാരവാഹിത്വം നല്‍കുകയും ചെയ്തത്. എന്നാല്‍ ഹരിത നേതാക്കള്‍ക്കൊപ്പം നടപടി നേരിട്ട എംഎസ്എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിലും അവര്‍ക്ക് ഭാരവാഹിത്വം നല്‍കുന്നതിനും എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിന് വലിയ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഇത് അവഗണിച്ചാണ് പുതിയ തീരുമാനം
Post a Comment