ഡ്രൈവിങ് ലൈസൻസിന്റെയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഹാർഡ് കോപ്പി നൽകുന്നതിനായി 245 രൂപ വാങ്ങിയിട്ടും ഹാർഡ് കോപ്പി നൽകാത്തതിനെതിരേ ഫയൽ ചെയ്ത പൊതു താത്പര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
എറണാകുളം സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിശദീകരണം തേടിയത്. ഡ്രൈവിങ് ലൈസൻസിന്റെയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഹാർഡ് കോപ്പി നൽകുന്നതിനാൽ പണം വാങ്ങിയിട്ട് നൽകാതിരിക്കാൻ കഴിയില്ലെന്നാണ് ഹർജിയിലെ വാദം.
ഇപ്പോൾ ഡ്രൈവിങ് ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡിജി ലോക്കറിൽനിന്നും എം പരിവാഹൻ ആപ്പിൽനിന്നും ഡൗൺലോഡ് ചെയ്യാനാണ് നിർദേശിക്കുന്നത്. ഡ്രൈവിങ് ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പണം നൽകാനുള്ളതിനാലാണ് സ്വന്തമായി പ്രിന്റെടുക്കാൻ ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഹർജിക്കാരന് ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തതിനെ തുടർന്ന് നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് ലൈസൻസിന്റെ ഹാർഡ് കോപ്പി നൽകിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Post a Comment