കൽപ്പറ്റ : ഇന്നലെ മാനന്തവാടിയെ മുൾമുനയിൽ നിർത്തിയ തണ്ണീർ കൊമ്പൻ എന്ന ആന ചരിഞ്ഞു. ഇന്നലെ മയക്കുവെടി വെച്ച് പിടികൂടി കർണാടകയിൽ എത്തിച്ച ശേഷമാണ് കൊമ്പൻ ചരിഞ്ഞത്. ഇന്ന് രാവിലെ ബന്ദിപ്പൂരിൽ വെച്ചാണ് മരണമുണ്ടായത്. വനം വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു. 15 മണിക്കൂറാണ് കൊമ്പൻ മാനന്തവാടിയെ വിറപ്പിച്ചത്.
മരണകാരണം വ്യക്തമല്ല. 20 ദിവസത്തിനിടെ രണ്ട് തവണ ഈ ആനയെ മയക്കുവെടി വെച്ചിരുന്നു. കര്‍ണാടക മുന്‍പ് മയക്കുവെടി വെച്ച് കാട്ടില്‍ തിരിച്ച് വിട്ട ആനയാണ് തണ്ണീര്‍ കൊമ്പന്‍.
പോസ്റ്റ്മോർട്ടം നടപടികൾ ഉടൻ. കേരളത്തിലെയും കർണാടകയിലേയും വിദഗ്ധർ മേൽനോട്ടം വഹിക്കും.
മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീർ കൊമ്പനെ കര്‍ണാടകയിലെ രാമപുര എലഫന്‍റ് ക്യാമ്പില്‍ എത്തിച്ചിരുന്നു. ഇന്ന് പുലർച്ചയോടെയാണ് കൊമ്പനെ ബന്ദിപ്പൂരെത്തിച്ചത്. എന്നാല്‍ വിദഗ്ദ പരിശോദനയ്ക്കു മുന്‍പ് ആന ചരിയുകയായിരുന്നു. മയക്കു വെടി വെച്ചതിനുശേഷം അഞ്ചുമണിക്കൂറിലേറെയാണ് ആന വനം വകുപ്പിന്റെ അനിമൽ ആംബുലൻസിൽ സഞ്ചരിച്ചത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തണ്ണീര്‍ കൊമ്പനെ ഇന്നലെ കൂട്ടിലാക്കിയത്. മയക്കുവെടി വെച്ച് മയക്കിയ ആനയെ കുംകി ആനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റുകയായിരുന്നു. ലോറിയിൽ കയറാൻ മടിച്ച കൊമ്പനെ കുംകിയാനയായ കോന്നി സുരേന്ദ്രനാണ് ലോറിയിലേക്ക് തളളി കയറ്റിയത്.
തണ്ണീർകൊമ്പന് മയക്കുവെടിയും പിന്നീട് ബൂസ്റ്റർ ഡോസും നൽകിയിരുന്നു. രണ്ടാം മയക്കുവെടിയേറ്റ ആന പത്ത് മീറ്ററോളം നടന്നു. കൊമ്പനെ പിടികൂടുന്നത് കാണാൻ വൻ ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്. ആനയെ പിടികൂടി ബന്ദിപ്പൂർ വനത്തിൽ തുറന്നു വിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി ജയപ്രസാദ് ഉത്തരവിട്ടിരുന്നു.
മാനന്തവാടി പായോട് ഇന്നലെ പുലർച്ചെയാണ് ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കർഷകരാണ് ആനയെ കണ്ടത്. തുടർന്ന് ആന മാനന്തവാടി പട്ടണത്തിലേയ്ക്ക് നീങ്ങുകയും മാനന്തവാടി നഗരത്തിന് മധ്യത്തിലുള്ള ചതുപ്പിൽ നിലയുറപ്പിക്കുകയുമായിരുന്നു.

Post a Comment