മാവൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മാലിന്യ സംസ്കരണത്തിന്റെ പേരിൽ കടകളിൽ ജൈവവും അജൈവവുമായ പാഴ് വസ്തുക്കൾ നിക്ഷേപിക്കുന്നതിന് പൊതു വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്ന ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ് പിൻവലിക്കുക, പ്ലാസ്റ്റിക്കിന്റെ പേരിൽ കടകളിൽ കയറി വ്യാപാരികളെ പീഡിപ്പിക്കുന്നതും അന്യായമായ പിഴ ചുമത്തുന്നതും അവസാനിപ്പിക്കുക,
അന്യായമായി വർദ്ധിപ്പിച്ച ട്രേഡ് ലൈസൻസ് ഫീസും ഉപരോധവും പിൻവലിച്ച് ലഘു വ്യവസ്ഥയിലൂടെ വ്യാപാര വ്യവസായ ലൈസൻസ് സാധ്യമാക്കുക, കടകളിൽ പൊതു ശൗചാലയം നിർമ്മിക്കണമെന്ന ഉത്തരവ് പിൻവലിക്കുക, വഴിയോര കച്ചവടം നിയമംമൂലം നിയന്ത്രിക്കുക, വ്യാപാരിക്കു മാത്രമായി ഹരിത കർമ്മ സേന മാസത്തിൽ ഈടാക്കുന്ന തുക കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
ധർണ്ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം മണ്ഡലം പ്രസിഡന്റ് നാസർ മാവൂരാൻ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ എം അധ്യക്ഷനായിരുന്നു. കെ.വി.എം വാര്യർ, കെ സേതുമാധവൻ, മോഹൻദാസ് എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് കെ സഹദ് മോൻ, സീത മനോഹരൻ, സി.പി ബാബുരാജ്, ഡോളി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment