കാനത്തെ അവസാനമായി കാണാന്‍ വഴി നീളെ ആയിരങ്ങള്‍; പിറന്ന നാട്‌ ഇന്ന് വിട നല്‍കും


തിരുവനന്തപുരം : അന്തരിച്ച സി.പി.ഐ. നേതാവ് കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും. ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ശനിയാഴ്ച രാത്രി 9.30-യോടെ പന്തളം പിന്നിട്ടു.




തുടര്‍ന്ന് ചെങ്ങന്നൂരും തിരുവല്ലയിലും ചങ്ങനാശ്ശേരിയിലും കുറിച്ചിയിലും വിലാപയാത്രയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. ചിങ്ങവനവും നാട്ടകവും പിന്നിട്ട് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്ന് രാവിലെ ഒമ്പതോടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുമണിക്കൂര്‍ ഇവിടെ പൊതുദര്‍ശനമുണ്ടാവും.

 പ്രിയസഖാവിനെ അവാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും വിലാപയാത്ര കടന്നുപോകുന്ന ഇടങ്ങളിലെല്ലാം തിങ്ങിനിറയുന്നുണ്ട്. കൊട്ടാരക്കരയിലായിരുന്നു ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. മൂന്നു മണിക്കൂറോളം വൈകിയാണ് നിലവില്‍ വിലാപയാത്ര കടന്നുപോകുന്നത്. ഞായറാഴ്ച കാനത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സാഹചര്യത്തില്‍ രണ്ടു ദിവസത്തേക്ക് വിളിച്ചു ചേര്‍ത്ത സി.പി.എം. പി.ബി. യോഗം ശനിയാഴ്ചത്തോടെ അവസാനിപ്പിച്ചു.

അന്തിമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തും. തിങ്കളാഴ്ച മൂന്നിന് കോട്ടയം മാമ്മന്‍ മാപ്പിള സ്മാരകഹാളില്‍ അനുശോചനയോഗം ചേരുമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു അറിയിച്ചു.
             


Post a Comment

Previous Post Next Post
Paris
Paris