തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തില്‍, വൈദ്യസംഘം സജ്ജം


ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന സില്‍ക്‌യാര തുരങ്കം തകര്‍ന്നു വീണതിനെത്തുടർന്ന് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്. 41 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.




രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്ന് രക്ഷാപ്രവര്‍ത്തക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഗിരീഷ് സിങ് റാവത്തിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 12-നാണ് തുരങ്കത്തില്‍ അപകടമുണ്ടാകുന്നത്

ഒന്നു രണ്ട് മണിക്കൂറിനകം രക്ഷാപ്രവര്‍ത്തനം ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ്‌ലൈന്‍ അകത്തേക്ക് ഇറക്കിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്റ്റീല്‍ കഷ്ണങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്തെത്തിക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചെസ്റ്റ് സ്‌പെഷലിസ്റ്റുമാര്‍ ഉള്‍പ്പെടെ പതിനഞ്ച് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. 12 ആംബുലന്‍സുകളും അടിയന്തര സാഹചര്യത്തെ മുന്‍നിര്‍ത്തി വിന്യസിച്ചിട്ടുണ്ട്.

ചിന്യാലിസോറിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഒരു വാര്‍ഡ് രക്ഷപ്പെടുത്തുന്ന തൊഴിലാളികള്‍ക്ക് മാത്രമായി സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളും, ഋഷികേശിലെ എയിംസ് ഉള്‍പ്പെടെ സജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
             


Post a Comment

Previous Post Next Post
Paris
Paris