കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ മലിനജലപ്രശ്നം ഇനി തലവേദനയാകില്ല. രണ്ട്, ഒന്ന് എം.എല്‍.ഡി. മലിനജലം സംഭരിക്കാൻ ശേഷിയുള്ള പ്ലാന്റുകള്‍ എത്തുന്നതോടെ മെഡിക്കല്‍ കോളേജിലെ മലിനജല പ്രശ്നത്തിന് പൂര്‍ണപരിഹാരമാകും.
പ്ലാന്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ആശുപത്രിയിലെ പഴയ 20 എം.എല്‍.ഡി എസ്.ടി.പിയുടെ തൊട്ടടുത്താണ് പുതിയ 2എം.എല്‍.ഡി പ്ലാന്റ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. മലിനജലം പ്ലാന്റില്‍ സംസ്‌കരിച്ച് കനോലി കനാലിലേക്ക് തുറന്നുവിടും. ശുദ്ധീകരിച്ച മലിനജലം കടത്തിവിടുന്നതിനായി ചെറുതും വലുതുമായ അഞ്ച് ടാങ്കുകളാണുള്ളത്. സൂപ്പര്‍സ്പെഷ്യാലിറ്റി, കാൻസര്‍ സെന്റര്‍, നെഞ്ചുരോഗാശുപത്രി, ഹോസ്റ്റലുകള്‍, പാരാമെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട്, കെ.എസ്.ഇ.ബി. ഓഫീസുകള്‍, ഇന്ത്യൻ കോഫി ഹൗസ് എന്നിവിടങ്ങളില്‍നിന്നുള്ള 20 ലക്ഷം ലിറ്റര്‍ മലിനജലമാണ് ഇവിടെ ശുദ്ധീകരിക്കുക.
ഒരു എം.എല്‍.ഡി. ശേഷിയുള്ള രണ്ടാമത്തെ പ്ലാന്റ് ഡെന്റല്‍ കോളേജിനു സമീപമാണുള്ളത്. ഡെന്റല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, ലക്ചര്‍ തിയേറ്റര്‍ കോംപ്ലക്സ്, ഹോസ്റ്റലുകള്‍, എം.സി.എച്ച്. പേ വാര്‍ഡ്, മോര്‍ച്ചറി, ലോൻഡ്രി എന്നിവിടങ്ങളിലെ 10 ലക്ഷം ലിറ്റര്‍ മലിനജലമാണ് ഇവിടെ സംസ്കരിക്കുക. പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. പുതിയ പ്ലാന്റുകൾ കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ പ്രതിദിനം അഞ്ചര എം.എല്‍.ഡി. മലിനജലം ശുദ്ധീകരിക്കാനാകും.മെഡിക്കല്‍ കോളേജിലും അനുബന്ധസ്ഥാപനങ്ങളിലുമായി ഒരുദിവസം അഞ്ച് എം.എല്‍.ഡി. മലിനജലമാണ് പുറംതള്ളുന്നത്.

Post a Comment