എത്രാമത്തെ തവണയാണ് നാം 'മകളേ മാപ്പ്' പറഞ്ഞ് കേഴുന്നത്; രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ


 കൊച്ചി:ആലുവയിൽ ബിഹാർ സ്വദേശി തട്ടിക്കൊണ്ടുപോയി അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. കെ.സി.വേണുഗോപാൽ എം.പി, കെപിസിസി പ്രസിഡന്റ്‌ കെ.സുധാകരൻ എന്നിവർ സർക്കാർ സംവിധാനങ്ങൾക്കെതിരേയും പൊലീസിനെതിരേയും രംഗത്തെത്തി. സംഭവത്തിന്റെ ഗൗരവം പൊലീസ് ഉൾക്കൊണ്ടില്ലെന്ന് ഇരുവരും കുറ്റപ്പെടുത്തി




ഈ സംഭവത്തിൽ ആ മാതാപിതാക്കളോട് മാപ്പ് പറയേണ്ടത് സർക്കാരാണെന്ന് കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. ‘‘മൈക്കിന് നേർക്ക് കാണിക്കുന്ന ശുഷ്‌കാന്തി ചുറ്റുപാടും കാണിച്ചിരുന്നെങ്കിൽ ആ കുഞ്ഞ് ഇന്നും ചിരിയോടെ നമുക്ക് മുന്നിൽ ഓടിക്കളിച്ചേനെ. കൊന്നതാണ് അവളെ, ഈ പരാജയപ്പെട്ട സംവിധാനം. ആലുവയിൽ കണ്ടെത്തിയ മൃതദേഹം ആ പിഞ്ചുകുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഉള്ളൊന്ന് പിടഞ്ഞു. എത്രാമത്തെ തവണയാണ് നാം 'മകളേ മാപ്പ്' എന്ന് പറഞ്ഞ് കേഴുന്നത്. എത്ര തവണയാണ് പൊന്നോമനകളുടെ ചിത്രമിട്ട് നാം ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ഇന്നും ഒരു മാറ്റവുമില്ലാതെ സംസ്ഥാനത്തെ പൊലീസ് സംവിധാനം ഇവിടെ നിലനിൽക്കുന്നു. ഒട്ടുമേ ഭയമില്ലാതെ അക്രമികളും പീഡകരും സ്വൈര്യവിഹാരം നടത്തുന്നു.

പരിപൂർണമായി പരാജയപ്പെട്ട ഒരു സർക്കാർ സംവിധാനത്തിന്റെ ഇര കൂടിയാണ് അവൾ. ദുഃഖത്തിൽ പങ്കുചേർന്നിട്ടോ വിലപിച്ചിട്ടോ കാര്യമില്ല, സ്ത്രീകൾക്കും കുട്ടികൾക്കും സമാധാനമായി പുറത്തിറങ്ങി സഞ്ചരിക്കാൻ കഴിയുന്ന ഒരു നില സംസ്ഥാനത്ത് രൂപപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്. ദയനീയം എന്ന് പറയട്ടെ, അതിന് കഴിയാത്ത ഒരു സർക്കാർ നാട് ഭരിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളം കാണുന്നത്.’’– കെ.സി.വേണുഗോപാൽ ഫെയ്സ്‌ബുക്കിൽ കുറിച്ചു. 

പൊലീസ് അന്വേഷണം അതിന്റെ ഗൗരവം ഉൾക്കൊണ്ടായിരുന്നില്ലെന്നും സംഭവത്തിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും കെ.സുധാകരൻ എംപി ആരോപിച്ചു. നിര്‍ണായകമായ മണിക്കൂറുകളിൽ നടപടികളൊന്നും പൊലീസ് സ്വീകരിച്ചില്ല. ആ കുരുന്നിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ആഭ്യന്തരവകുപ്പിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി ലാഘവത്തോടെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. ലഹരിയുടെ അതിപ്രസരവുമായി ഇതിനെ കൂട്ടിയോജിപ്പിക്കാന്‍ അധികൃതര്‍ വ്യഗ്രത കാട്ടുമ്പോള്‍, ലഹരി വസ്തുക്കളുടെ വ്യാപാരം വ്യാപിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നതു വിസ്മരിച്ചു കൂടെന്നും അദ്ദേഹം പറഞ്ഞു.
             

Post a Comment

Previous Post Next Post
Paris
Paris