കൊച്ചി : കേരളം ബഫര്‍സോണ്‍ രഹിത (സീറോ ബഫര്‍സോണ്‍) മേഖലയെന്നു വ്യക്‌തമാക്കുന്ന തിരുത്തിയ റിപ്പോര്‍ട്ട് സംസ്‌ഥാനസര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിന് ഉടന്‍ സമര്‍പ്പിക്കും. വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് റേഞ്ച് ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അതില്‍ മാറ്റം വരുത്തിയാണു സംസ്‌ഥാനസര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നത്.
ബഫര്‍സോണില്‍നിന്നു ജനവാസമേഖലകളെ ഒഴിവാക്കാമെന്നാണു റേഞ്ച് ഓഫീസര്‍മാരുടെ പുതിയ റിപ്പോര്‍ട്ട്.
സംസ്‌ഥാനത്തെ 17 വന്യജീവിസങ്കേതങ്ങളുടെയും ആറ് ദേശീയോദ്യാനങ്ങളുടെയും ബഫര്‍സോണ്‍ കരട് ശിപാര്‍ശ തയാറാക്കി പരിസ്‌ഥിതി മന്ത്രാലയത്തിനു നേരത്തേ സമര്‍പ്പിച്ചിരുന്നു. അതില്‍ മാറ്റംവരുത്തിയാകും പുതിയ ശിപാര്‍ശ. സംസ്‌ഥാനത്തെ ബഫര്‍സോണ്‍ പ്രദേശം ജനവാസമേഖലയാണെന്നും അവിടെ നിര്‍മിതികളും കാലങ്ങളായി നാണ്യവിളകളുമുള്ളതിനാല്‍ ഇളവ് അനുവദിക്കാമെന്നുമാണു റേഞ്ച് ഓഫീസര്‍മാരുടെ തിരുത്തല്‍ റിപ്പോര്‍ട്ട്. ഇതില്‍ കേന്ദ്രസര്‍ക്കാരാണു തീരുമാനമെടുക്കേണ്ടത്. കേന്ദ്രം അനുകൂലിച്ചാല്‍, മുന്‍ റിപ്പോര്‍ട്ട് തിരുത്തി ബഫര്‍സോണ്‍ രഹിതമെന്നാക്കി അയച്ചുതരാന്‍ നിര്‍ദേശിക്കുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണു റേഞ്ച് ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് തിരുത്തി പുതിയതു സമര്‍പ്പിച്ചത്. പെരിയാര്‍ ദേശീയോദ്യാനം, പെരിയാര്‍ വന്യജീവിസങ്കേതം ഒഴികെയുള്ളവയുടെ കാര്യത്തില്‍ കേന്ദ്രം കരടുവിജ്‌ഞാപനം പുറപ്പെടുവിച്ചിരുന്നു. ബഫര്‍സോണ്‍ ഉത്തരവില്‍ ഇളവ് തേടി കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്‌ഥാനസര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കരട്, അന്തിമവിജ്‌ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ള മേഖലകള്‍ക്കു പുറമേ, 23 സംരക്ഷിതമേഖലകള്‍ക്ക് ഇളവ് വേണമെന്നാണു സംസ്‌ഥാനസര്‍ക്കാരിന്റെ ആവശ്യം. തിരുത്തിയ ബഫര്‍സോണ്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിയും അംഗീകരിച്ചാല്‍ മലയോരജനതയുടെ ആശങ്കയ്‌ക്കു പരിഹാരമാകും.
ബഫര്‍സോണ്‍ കരട് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തണമെങ്കില്‍ ആകാമെന്നു വ്യക്‌തമാക്കി കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയം സംസ്‌ഥാനസര്‍ക്കാരിനു കഴിഞ്ഞയാഴ്‌ച കത്തയച്ചു. റേഞ്ച് ഓഫീസര്‍മാരുടെ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഇതിനു സര്‍ക്കാര്‍ ഉടന്‍ മറുപടി നല്‍കും. ഒരു കിലോമീറ്റര്‍ ബഫര്‍സോണാക്കി നല്‍കിയ റിപ്പോര്‍ട്ട് തിരുത്തി ബഫര്‍സോണ്‍ രഹിതമെന്നാക്കും.
ജെബി

Post a Comment