കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകുമെന്ന് കാലാവസ്ഥ വകുപ്പ്


കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ നാലിന് കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. എന്നാല്‍, ഇത് മൂന്ന് ദിവസമെങ്കിലും വൈകുമെന്നാണ് നിലവില്‍ വകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് സാധാരണയായ ജൂണ്‍ ഒന്ന് മുതലാണ് മണ്‍സൂണ്‍ ആരംഭിക്കുന്നത്.




സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ സ്‌കൈമെറ്റ് ജൂണ്‍ ഏഴിന് മണ്‍സൂണ്‍ എത്തുമെന്നാണ് പ്രവചിക്കുന്നത്. ഇതില്‍ മൂന്ന് ദിവസത്തിന്റെ വരെ മാറ്റമുണ്ടാകാം. അതേസമയം, ഇന്ത്യയില്‍ എപ്പോള്‍ മണ്‍സൂണ്‍ എത്തുമെന്നത് സംബന്ധിച്ച് സ്‌കൈമെറ്റ് പ്രവചനങ്ങളൊന്നും നടത്തിയിട്ടില്ല.

കാലവര്‍ഷം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടാതെ അറബിക്കടലില്‍ കാര്‍മേഘങ്ങളും രൂപപ്പെട്ടു. അറബിക്കടലില്‍ നാളെ രൂപപ്പെടുന്ന ചക്രവാതച്ചുഴി രണ്ട് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദമായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ മഴ ഉണ്ടായേക്കും.

അതേസമയം ജൂണ്‍ ഏഴു വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 5ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ (24 മണിക്കൂറില്‍ 7 11 സെ.മീ) മഴയ്ക്കും സാധ്യതയുണ്ട്.




Post a Comment

Previous Post Next Post
Paris
Paris