ആര്‍സി മാറ്റുന്നതിനിടെ ഉടമസ്ഥന് ഒടിപി വന്നു, കോഴിക്കോട് ഫോര്‍ഡ് ഫിയസ്റ്റ കാര്‍ മോഷ്ടാവ് പിടിയിൽ


കോഴിക്കോട് : നഗരത്തിലെ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഫോര്‍ഡ് ഫിയസ്റ്റ കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍. ജില്ല ഡപ്യൂട്ടി കമ്മിഷണര്‍ കെ.ഇ. ബൈജു ഐപിഎസ്സിന്റെ കീഴിലുള്ള സിറ്റി സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളജ് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടില്‍ ഷറഫുദ്ദീന്‍ (41 വയസ്സ്) നെയാണ് വികെ പടിയിലെ വീടിന്റെ പരിസരത്ത് നിന്നും പിടികൂടിയത്.




ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിലെ ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പം തന്റെ ഫോര്‍ഡ് കാറില്‍ വരികയും പാര്‍ക്ക് ചെയ്ത് പോയപ്പോള്‍ കാറിന്റെ താക്കോല്‍ എടുക്കാന്‍ മറക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാര്‍ നിര്‍ത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്തുള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാര്‍ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ നിര്‍ദ്ദേശാനുസരണം കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളജ് പൊലീസും സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും അന്വേഷണമാരംഭിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനും ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കുന്നതിനും മുന്‍പ് ഇത്തരം വാഹനങ്ങള്‍ മോഷണം നടത്തിയവരെ രഹസ്യമായി നിരീക്ഷിക്കുന്നതിനുമായി സംഘം പല വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. 40 കിലോമീറ്ററിനുള്ളിലെ പെട്രോള്‍ പമ്പിലേത് ഉള്‍പ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. വലിയ സ്‌ക്രീനില്‍ വച്ച് നോക്കിയെങ്കിലും അവ്യക്തമായ ദൃശ്യങ്ങളായിരുന്നു പൊലീസിന് ലഭിച്ചത്. എങ്കിലും ഏകദേശം പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. ഇതിനിടെയാണ് ആര്‍സി മാറ്റുന്നതിനിടെ ഒടിപി ക്കായി യഥാര്‍ഥ ഉടമസ്ഥനെ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നും വിളിക്കാനിടയായത്.

വിവരമറിഞ്ഞ സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് സ്ഥാപന ഉടമയെ കാണുകയും ആര്‍സി മാറ്റാന്‍ വന്നവരെ കാണുകയും ചെയ്തു. അവര്‍ നാലു ദിവസം മുന്‍പ് മറ്റൊരാളോട് വാഹനം വാങ്ങിയതായിരുന്നു. തുടര്‍ന്ന് അവരൊടൊപ്പം പ്രതിയുടെ വീടിനടുത്ത് എത്തുകയും പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപാല്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഷറഫുദീന്‍ നാട്ടിലെത്തുകയും പിന്നീട് വണ്ടി കച്ചവടം നടത്തുകയും അത് പരാജയപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജോലി അന്വേഷിച്ച് കോഴിക്കോട് വരികയും മദ്യപിച്ച ശേഷം കറങ്ങി നടക്കുന്നതിനിടയിലാണ് വാഹനം മോഷണം നടത്തി കടന്നു കളഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris