കോഴിക്കോട് ജില്ലയിൽ പെയ്യാൻ മടിച്ച് മഴ


 കോഴിക്കോട് : മടിച്ചു മടിച്ചെത്തിയെങ്കിലും പെയ്തിറങ്ങാതെ കാലവർഷം. ജൂണിൽ ഇന്നലെ വരെ ലഭിക്കേണ്ട മഴയിൽ 70 ശതമാനത്തിന്റെ കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവാതിര ഞാറ്റുവേല അടുത്തിട്ടും മഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവ് കർഷകരെയും ആശങ്കയിലാക്കുന്നു. ജൂൺ മാസത്തിന്റെ തുടക്കത്തിൽ തന്നെ കാലവർഷം ശക്തി പ്രാപിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണം. എന്നാൽ സംസ്ഥാനത്ത് ഇതുവരെ തുടർച്ചയായി ശക്തമായ മഴ ലഭിച്ചിട്ടില്ല




ആദ്യ ദിവസങ്ങളിൽ ഇടവിട്ട് മഴ ലഭിച്ചിരുന്നു. പിന്നീട് അതും ദുർബലമായി. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ 482.5 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 145.3 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് 60 ശതമാനം മഴ കുറഞ്ഞു. 345.6 ലഭിക്കേണ്ടപ്പോൾ 139.5 മില്ലീമീറ്റർ മാത്രമാണ് ലഭിച്ചത്

സംസ്ഥാനത്ത് മഴ കുറവുള്ള ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് കോഴിക്കോട്. വയനാട് , കാസർകോട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. കാലവർഷം കനത്തു പെയ്യാറുള്ള കാസർകോട്, കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിൽ 60 ശതമാനത്തിലധികം കുറഞ്ഞു. പാലക്കാട്ട് 65 ശതമാനം കുറവാണ്. അതേസമയം അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്

 മഴ ഇതു വരെ

കേരളത്തിൽ ലഭിക്കേണ്ടത്- 345.6 മില്ലീമീറ്റർ , ലഭിച്ചത്- 139.5 മില്ലീമീറ്റർ , കുറവ്-60%

ജില്ലയിൽ ലഭിക്കേണ്ട മഴ 482.5 മില്ലീമീറ്റർ , ലഭിച്ചത്- 145.3, കുറവ്- 70%

കുറവ് മഴ ലഭിച്ച ജില്ലകൾ

വയനാട് --74%

കാസർകോട്--76%

കണ്ണൂർ--65%

കോട്ടയം--65%

പാലക്കാട്--65%

തൃശൂർ--63%

മാഹി--66%

 കാലവർഷത്തിന് കനം കുറഞ്ഞതോടെ ജില്ലയിലെ ഭൂരിഭാഗം കിണറുകളിലും വെള്ളമില്ലാത്ത അവസ്ഥയാണ്

ഒന്നോ രണ്ടോ ദിവസം മാത്രമാണ് പലയിടങ്ങളിലും കാര്യമായ മഴ ലഭിച്ചത്. ഇത് ജലനിരപ്പ് ഉയർത്തിയതുമില്ല

തോടുകളും മറ്റ് നീരൊഴുക്കുകളും ഉണങ്ങി നിൽക്കുകയാണ്. നഗരത്തിലെ പ്രധാന ജലസ്രോതസായ മാനാഞ്ചിറയിലെ ജല നിരപ്പും ഇനിയും ഉയർന്നിട്ടില്ല. മഴ ശക്തമാകാത്തതിനാൽ നഗരത്തിലെ പല ഭാഗങ്ങളിലും നാട്ടിൻപുറങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം ഇപ്പോഴും അനുഭവപ്പെടുകയാണ്. കാർഷിക മേഖലയ്ക്ക് വരദാനമായ തിരുവാതിര ഞാറ്റുവേല 21ന് ആരംഭിക്കെ മഴ ശക്തമായില്ലെങ്കിൽ കർഷകർ കഷ്ടത്തിലാകും

Post a Comment

Previous Post Next Post
Paris
Paris