ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് സംസ്ഥാനത്ത് പ്ലേറ്റ്‌ലെറ്റ് ക്ഷാമത്തിന് ഇടയാക്കുമെന്ന് വിലയിരുത്തൽ
മുൻവര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കി ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍.ഗവ.മെഡിക്കല്‍ കോളജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും രക്തബാങ്കുകളില്‍ പ്ലേറ്റ്‌ലെറ്റ് ആവശ്യമായി വരുന്നവരുടെ എണ്ണം വര്‍ധിച്ചു. ഡെങ്കിബാധ റിപ്പോര്‍ട്ട് ചെയ്യുന്നതുവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രക്തബാങ്കില്‍ ദിനംപ്രതി 20 യൂനിറ്റ് പ്ലേറ്റ്‌ലെറ്റുകളാണ് ആവശ്യമായിരുന്നത്. ഇപ്പോള്‍ ഇത് 40 യൂനിറ്റായി വര്‍ധിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്ലേറ്റ്‌ലെറ്റ് ഉപയോഗം കൂടി. പത്തനംതിട്ടയിലെ സ്വകാര്യ രക്തബാങ്കിലും ഇതേസ്ഥിതിയാണ്. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കൂടുകയും പ്ലേറ്റ്‌ലെറ്റ് ദാനം ചെയ്യാൻ ആവശ്യത്തിന് ആളുകള്‍ ഇല്ലാതാവുകയും ചെയ്താല്‍ വലിയ പ്രതിസന്ധിയാകും നേരിടുക.ഡെങ്കിപ്പനി ബാധിച്ചവരില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയും. പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കും. പ്ലേറ്റ്‌ലെറ്റ് വലിയ തോതില്‍ കുറഞ്ഞാല്‍ രക്തം കയറ്റുന്നതു പോലെ പ്ലേറ്റ്‌ലെറ്റ് ശരീരത്തിലേക്ക് കയറ്റേണ്ടി വരും.
ദിവസവും നാല് യൂനിറ്റ് പ്ലേറ്റ്‌ലെറ്റ് വരെ ആവശ്യമാകുന്ന രോഗികള്‍ ഉണ്ടാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ദാതാവില്‍നിന്ന് സ്വീകരിച്ച ശേഷം പ്ലേറ്റ്‌ലെറ്റ് അഞ്ച് ദിവസം മാത്രമേ ബാങ്കില്‍ സൂക്ഷിക്കാനാകൂ. ഇതിനാല്‍ ഓരോ ദിവസവും ആവശ്യമായ പ്ലേറ്റ്‌ലെറ്റുകള്‍ അതത് സമയത്ത് കണ്ടെത്തേണ്ടി വരും.
കോഴിക്കോട് മെഡിക്കല്‍ കോളജ് രക്തബാങ്കിലെ കണക്കുപ്രകാരം ദിനംപ്രതി 75 മുതല്‍ 100 ആളുകള്‍ വരെ പ്ലേറ്റ്‌ലെറ്റ് നല്‍കാൻ സന്നദ്ധരായി എത്തുന്നുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുമ്ബോള്‍ പ്ലേറ്റ്‌ലെറ്റ് ലഭ്യതയിലും ക്ഷാമം നേരിടും. 100 യൂനിറ്റ് പ്ലേറ്റ്‌ലെറ്റുകള്‍ വരെ സൂക്ഷിക്കാനുള്ള സൗകര്യമാണ് സംസ്ഥാനത്തെ വിവിധ രക്തബാങ്കുകളിലുള്ളത്.

Post a Comment