കോഴിക്കോട് : ജില്ലയിൽ ആശങ്ക ഉയർത്തി പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എണ്ണായിരത്തോളം പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടിയവർ നിരവധിയാണ്.
ഇന്നലെ 1212 പേർ ചികിത്സ തേടി. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച 1529 പേരാണ് ചികിത്സ തേടിയത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയ 11 പേരിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാളിൽ എലിപ്പനി ലക്ഷണങ്ങൾ കണ്ടെത്തി. കോഴിക്കോടും മലപ്പുറത്തും പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുകയാണ്
14ാം തിയതി മുതലാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം ആയിരം കടന്നു തുടങ്ങിയത്. 1374 പേരാണ് അന്ന് സർക്കാർ ആശുപത്രികളിലെത്തിയത്. 15ന് 1148, 16ന് 1066, 17ന് 1201, 18ന് 470, 19ന് 1199, 20ന് 1529 പേർ ചികിത്സ തേടി
പനി വ്യാപകമാവുമ്പോൾ മലയോരവും തീരദേശവും ഭീതിയിലാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായില്ലെന്ന പരാതി കോഴിക്കോട് നഗരത്തിലെ തീരദേശങ്ങളിലുള്ളവർ ഉയർത്തുന്നുണ്ട്. തോടുകളിലൂടെയും ഓവു ചാലുകളിലൂടെയും മാലിന്യം നിറഞ്ഞൊഴുകുകയാണ്. ട്രോളിംഗ് നിരോധന കാലയളവിൽ പനി വ്യാപിക്കുന്നത് ഈ പ്രദേശത്ത് സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധിയാണ്. മലയോരത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്ന സ്ഥിതിയുമുണ്ട്
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ തീരുമാനം. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ രാജാ റാം വിളിച്ചു ചേർത്ത ഇന്റർ സെക്ടർ കോർഡിനേഷൻ യോഗത്തിലാണ് തീരുമാനം. ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. എ.ഡി.എം സി.മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു
ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റെറ്റിസ് എ തുടങ്ങിയ പകർച്ചവ്യാധികൾ തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ഇതിനായി വിവിധ വകുപ്പുകൾ ഏകോപിപ്പിക്കും. ആരോഗ്യ ജാഗ്രത കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. ആദിവാസി മേഖലകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കൊതുക് നിർമ്മാർജ്ജന നടപടികൾ ശക്തമാക്കാനും തീരുമാനമായി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായി യോഗം വിലയിരുത്തി. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട ആശുപത്രികളിലും ഫീവർ ക്ലിനിക്കുകൾ ആരംഭിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു

Post a Comment