കൊച്ചി: വിപണിയില്‍ അവശ്യവസ്തുക്കള്‍ക്ക് തീവില. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും മത്സ്യത്തിനും വില കൂടിയത് ഇരട്ടിയിലധികം. അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഫലപ്രദമായ ഇടപെടല്‍ ഇല്ലെന്നു വ്യാപക പരാതി. 100 മുതല്‍ 120 ശതമാനമാണ് വിലവര്‍ധന. ഇറച്ചിക്കോഴിക്കും 50 ശതമാനവും ചെറുമത്സ്യങ്ങള്‍ക്കും 150 ശതമാനവും വില വര്‍ധിച്ചു
ഒരു മാസമായി സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍വില വര്‍ധനയാണുള്ളത്. കിലോയ്ക്ക് 200 രൂപ കവിഞ്ഞു. 100-110 ല്‍നിന്നാണ് വിലകൂടിയത്. തമിഴ്‌നാട്ടിലെ ഇറച്ചിക്കോഴി മാഫിയയാണ് വിലകൂട്ടുന്നതെന്നാണ് വ്യാപാരികളുടെ പരാതി. വില കൂടിയതോടെ ഇറച്ചിക്കോഴി വില്‍പന ഗണ്യമായി ഇടിഞ്ഞു. കോഴിയിറച്ചി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ക്ക് വില കൂട്ടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്
ഇതര നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനയും ഭാരിച്ചതാണ്. എല്ലാത്തരം പച്ചക്കറികള്‍ക്കും ഇരട്ടിയോളം വിലകൂടി. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 50 രൂപയുണ്ടായിരുന്ന ബീന്‍സിന് വില 100 രൂപയായി. വഴുതന വില 50 ല്‍ നിന്ന് 75 ആയി. 120 രൂപയില്‍ നിന്ന് ഇഞ്ചിവില കിലോയ്ക്ക് 250 കടന്നു. പച്ചമുളകിന് കിലോയ്ക്ക് 110 രൂപയായി
ചെറിയ ഉള്ളിയുടെ വിലയില്‍ കിലോയില്‍ വര്‍ധിച്ചത് 25 രൂപയാണ്. പൊതുവിപണിയില്‍ ഉള്ളിവില 80 ല്‍ നിന്ന് നിലവില്‍ 115 ലേക്ക് കുതിച്ചു. സീസണല്ലാതിരുന്നിട്ടുകൂടി വില കൂടിയത് അമ്പരപ്പിക്കുന്നതായി. മുരിങ്ങക്കായ, വെളുത്തുള്ളി എന്നിവയുടെ വില നൂറു കടന്നു. തക്കാളി വില 30 ല്‍ നിന്ന് 50ലേക്ക് എത്തി. ക്യാരറ്റിന് ചില്ലറ വില 90യായി
ട്രോളിങ് നിരോധനം വരുന്നതിനു മുമ്പേ മത്സ്യവില ഉയര്‍ന്നുതുടങ്ങിയിരുന്നു. ലഭ്യത കുറഞ്ഞതോടെ മത്തി, അയല, നത്തോലി തുടങ്ങിയ ചെറുമീനുകളുടെ വില ഇരട്ടിച്ചു. 100 രൂപയുണ്ടായിരുന്ന മത്തിവില 200മുതല്‍ 250 രൂപയായി. ഇരട്ടിയിലധികമാണ് ചെറുമത്സ്യങ്ങളുടെ വിലയിലുണ്ടായ വര്‍ധന
ധാന്യങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. പരിപ്പ്, ചെറുപയര്‍, കടല, ഉഴുന്നുപരിപ്പ് എന്നിവയ്ക്കും വില കൂടി. ചെറുപയര്‍ 100 രൂപയില്‍ നിന്ന് 140 ലേക്ക് എത്തി. മേയില്‍ പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കാര്യമായി ഉയര്‍ന്നിരുന്നില്ല. രണ്ടാഴ്ചകൊണ്ടാണ് ഈ നിലയ്ക്കു മാറ്റം വന്നത്
ഇതര സംസ്ഥാനങ്ങളായ ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലുണ്ടായ ഉല്‍പ്പാദനക്കുറവാണ് വില കൂടുതലിന് കാരണമായി പറയുന്നത്. കാലാവസ്ഥാമാറ്റവും കനത്ത മഴയുമാണ് ഉല്‍പ്പാദനം കുറച്ചത്


Post a Comment