ബേപ്പൂര്‍ തുറമുഖത്തിന്റെ ആഴംകൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാകും. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുറമുഖത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആഴംകൂട്ടല്‍ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു.
കാലങ്ങളായി ബേപ്പൂര്‍ തുറമുഖം നേരിട്ട പ്രതിസന്ധികള്‍ക്കാണ് അറുതിയാകുന്നത്. ആഴക്കുറവ് കാരണം കണ്ടെയ്‌നര്‍ ചരക്ക് കപ്പലുകള്‍ക്ക് പോലും ബേപ്പൂരില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. കപ്പല്‍ ചാലിന്റെ ആഴം കൂട്ടുന്നതോടെ തുറമുഖത്തിന്റെ വികസനം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ 3.2 കിലോ മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള ചാലിന്റെ ആഴം 5.5 മീറ്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ ഒന്നര മീറ്റര്‍ ആഴമാണ് കൂട്ടുക. ഇതിനായി 12 കോടിയോളം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആഴം 5 മീറ്ററായി ഉയരുമ്പോള്‍ 5000 ടണ്‍ വരെ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകള്‍ക്ക് ബേപ്പൂരിലേയ്ക്ക് എത്താന്‍ സാധിക്കും. ആഴം കൂട്ടലിന്റെ ഭാഗമായി ലഭിക്കുന്ന മണല്‍ ഉള്‍ക്കടലിലാകും നിക്ഷേപിക്കുക.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്പിള്ള, ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, കേരള മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.പി. സലിംകുമാര്‍, ബോര്‍ഡ് അംഗം കാസിം ഇരിക്കൂര്‍, നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷ കെ. കൃഷ്ണകുമാരി, കൗണ്‍സിലര്‍മാരായ കെ. രാജീവ്, ടി. രജിനി, എം. ഗിരിജ, ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ചീഫ് എന്‍ജിനിയര്‍ ജോമോന്‍ കെ. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment