യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ സമരം: സ്തംഭിച്ച് ആശുപത്രികൾ


കോഴിക്കോട് : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ പൊലീസ് സാന്നിദ്ധ്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലയിലെങ്ങും ഡോക്ടർമാരുടെ പ്രതിഷേധം. കോഴിക്കോട് മെഡിക്കൽകോളേജടക്കം ഡോക്ടർമാരുടെ പണിമുടക്കിൽ സ്തംഭിച്ചു. പെട്ടെന്ന് പ്രഖ്യാപിച്ച സമരത്തിൽ ദൂരദേശങ്ങളിൽ നിന്ന് ചികിത്സതേടിയെത്തിയ നൂറുകണക്കിനാളുകൾ മെഡിക്കൽകോളേജ് ആശുപത്രിയിൽ വലഞ്ഞു. ബീച്ച് ഗവ.ആശുപത്രി, കോട്ടപ്പറമ്പ് ആശുപപത്രി, വടകര, നാദാപുരം, കുറ്റ്യാടി താലൂക്ക് ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം രോഗികൾ വലഞ്ഞു. മെഡിക്കൽകോളേജ് ആശുപത്രിയിലടക്കം കാഷ്വാലിറ്റി പ്രവർത്തനങ്ങൾ മാത്രമാണ് നടന്നത്. മിക്കയിടത്തും മുൻകൂട്ടി തീരുമാനിക്കപ്പെട്ട സർജറികൾപോലും മുടങ്ങി. സ്വകാര്യ ആശുപത്രികളെയും സമരം ബാധിച്ചു. സംഭവത്തിൽ കർശനനടപടികളും മതിയായ സുരക്ഷയും ഉണ്ടാവുന്നില്ലെങ്കിൽ സമരം അനിശ്ചിതമായി നീളുമെന്ന് കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് വിപിൻ വർക്കി പറഞ്ഞു




സംഭവത്തിൽ കുറ്റക്കാരായവരുടെ പേരിൽ മാതൃകപരമായ ശിക്ഷനടപടികൾ സീകരിക്കുന്നതിനൊപ്പം ഇത്തരം പൈശാചികമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം. ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുകയും, കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ നിശ്ചയമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കുകയും ചെയ്യണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. സമരം നടത്തിയ ഡോക്ടർമാർ കോഴിക്കോട് കളക്ടറേറ്റിന് മുമ്പിൽ ധർണയിരുന്നു. മെഡിക്കൽകോളജ്, ബീച്ച് -കോട്ടപ്പറമ്പ് ആശുപത്രികൾക്ക് മുമ്പിലും പ്രതിഷേധങ്ങൾ അരങ്ങേറി. ഹെൽത്ത് സെന്ററുകളിൽ വാക്സിനേഷനുകൾ തടസ്സപ്പെട്ടു

വനിതാ ഡോക്ടറെ അതിദാരുണമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഐ.എം.എ കോഴിക്കോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ നടന്ന സമര പ്രതിഷേധധർണ ഐ.എം.എ.മുൻ സംസ്ഥാനപ്രസിഡന്റ് ഡോ.പ്രദീപ്കുമാർ.വി.ജി ഉദ്ഘാടനംചെയ്തു. കോഴിക്കോട് ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ബി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണയിൽ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എൻ. സുരേഷ് ഐ. എം. എ നേതാക്കളായ ഡോ. പി.എൻ. അജിത, ഡോ. ശങ്കർ മഹാദേവൻ, ഡോ.അജിത് ഭാസ്‌കർ, ഡോ. സി. കെ.ഷാജി, ഡോ. കെ. സന്ധ്യ കുറുപ്പ്, ഡോ.എ.കെ.അബ്ദുൾഖാദർ, ഡോ. രാജു കെ.വി., ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. മിലി മണി ക്യു.പി.എം.പി.എ പ്രതിനിധി ഡോ.റോയ് വിജയൻ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധത്തിന്റെ തുടർച്ചയായി മാനാഞ്ചിറ കിഡ്‌സൺ കോർണറിൽ മെഴുകുതിരി കത്തിച്ച് ധർണയും സംഘടിപ്പിച്ചു

Post a Comment

Previous Post Next Post
Paris
Paris